'എന്നെ വിളിപ്പിക്കൂ, ഉദ്യോഗസ്ഥരെയല്ല'; ഗവര്‍ണര്‍ക്കെതിരേ പഞ്ചാബ് മുഖ്യമന്ത്രി
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന ബിജെപി പ്രചാരണങ്ങള്‍ക്ക് ഗവര്‍ണര്‍ വി പി സിംഗ് ബദ്‌നോര്‍ വഴങ്ങിയതായി അമരീന്ദര്‍ സിങ് കുറ്റപ്പെടുത്തി.
ചണ്ഡീഗഢ്: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് മൊബൈല്‍ ടവറുകള്‍ വ്യാപകമായി നശിപ്പിച്ച സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച ഗവര്‍ണറുടെ നടപടിയെ കടന്നാക്രമിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന ബിജെപി പ്രചാരണങ്ങള്‍ക്ക് ഗവര്‍ണര്‍ വി പി സിംഗ് ബദ്‌നോര്‍ വഴങ്ങിയതായി അമരീന്ദര്‍ സിങ് കുറ്റപ്പെടുത്തി. എന്തെങ്കിലും വിശദീകരണം വേണമെങ്കില്‍ തന്നെയാണ് വിളിക്കേണ്ടതെന്നും തന്റെ ഉദ്യോഗസ്ഥരെയല്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാനനില ചോദ്യം ചെയ്ത് ബിജെപി വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ക്യാപ്റ്റന്‍ സിംഗ് പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാനനില ചോദ്യം ചെയ്തുകൊണ്ടുള്ള ബിജെപി പ്രചാരണം കാര്‍ഷിക നിയമ പ്രശ്‌നത്തില്‍ നിന്നും അതിന്റെ ഫലമായുണ്ടായ കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രമല്ലാതെ മറ്റൊന്നുമല്ല, ഗവര്‍ണര്‍ക്ക് ഈ സാഹചര്യത്തില്‍ എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ആള്‍ എന്ന നിലയില്‍ തന്നോട് നേരിട്ട് ചോദിക്കാമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.