അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിബിഐ അന്വേഷണത്തിനെതിരേ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി
സിബിഐ അനേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹരജിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്നു വ്യക്തമാക്കിയാണ് കോടതി നടപടി
ന്യൂഡല്‍ഹി: ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. സിബിഐ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹരജിയുടെ പ്രധാന്യം നഷ്ടപ്പെട്ടതിനാലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്.കേസിലെ 32ാം പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും അഞ്ചാം പ്രതി മോറാഴയിലെ കെവി ഷാജിയുമാണ് കോടതിയെ സമീപിച്ചത്്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് ഉത്തരവ് 2017 ഫെബ്രുവരിയില്‍ ഡിവിഷന്‍ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരേ 2017 ഒക്ടോബറിലാണ് പ്രതികള്‍ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ വിധി സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. ഇതു കൊണ്ടു തന്നെ വാദം തുടരുന്നതിനിടയിലും സിബിഐ അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം പൂര്‍ത്തിയായതായി സിബിഐ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി നടപടി. സിബിഐക്കു വേണ്ടി അഡ്വ. മുകേഷ് കുമാര്‍ മരേറിയ, പ്രതികള്‍ക്കുവേണ്ടി അഡ്വ. ആര്‍ ബസന്ത്, അഡ്വ. പ്രകാശന്‍, ഷുക്കൂറിന്റെ മാതാവിനു വേണ്ടി അഡ്വ. വിശ്വനാഥന്‍, ഇ എം സദറുല്‍ അനാം എന്നിവര്‍ ഹാജരായി. 2012 ഫെബ്രുവരി 20നാണ് എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഖജാഞ്ചിയായിരുന്ന ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ആദ്യം കേസ് അന്വേഷണം പൂര്‍ത്തിയാക്കി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും മാതാവ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു. തലശ്ശേരി സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ ജനുവരി നാലിന് കുറ്റപത്രം സര്‍പ്പിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ഖജാഞ്ചിയായിരുന്ന പട്ടുവം അരിയില്‍ കുതിരപ്പുറത്ത് അബ്ദുല്‍ ഷുക്കൂറിനെ(24) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് സുപ്രിംകോടതി ഇടപെടല്‍.കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കല്ല്യാശ്ശേരി എംഎല്‍എ ടി വി രാജേഷിനുമെതിരേ സിബിഐ ദിവസങ്ങള്‍ക്കു മുമ്പ് കൊലപാതക ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, കൊലക്കുറ്റം എന്നീ കുറ്റങ്ങളും ചേര്‍ത്ത് തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം സാങ്കേതിക കാരണങ്ങളാല്‍ മടക്കുകയും ചെയ്തിരുന്നു. ഷുക്കൂറിനെ കൊലപ്പെടുത്താന്‍ സിപിഎം നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരേ സിബിഐ അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്.
ലോക്കല്‍ പോലിസ് അന്വേഷിച്ചപ്പോള്‍ കൊലപാതകം നടക്കുമെന്ന് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന വകുപ്പായിരുന്നു ചുമത്തിയിരുന്നത്. 2012 ഫെബ്രുവരി 20നു കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവ് വയലിലാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. പട്ടുവത്ത് ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ സിപിഎം പ്രവര്‍ത്തകനെ സന്ദര്‍ശിക്കാനെത്തിയ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കല്ല്യാശ്ശേരി എംഎല്‍എ ടി വി രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനം ഒരുകൂട്ടം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു കൊലപാതകം.