സഭാ തര്‍ക്കം: ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: സഭാതര്‍ക്ക കേസിലെ സുപ്രിംകോടതി വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കോടതിയലക്ഷ്യ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കോടതിയലക്ഷ്യ ഹരജി നല്‍കിയിട്ടുള്ളത്. ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നാണു സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരുന്നത്. വിധിക്കെതിരേ യാക്കോബായ സഭ നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ കോടതി തള്ളുകയായിരുന്നു. പിന്നീട് തിരുത്തല്‍ ഹരജി നല്‍കിയെങ്കിലും അത് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.