ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്നു സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു; മൂന്നു പേര്‍ക്ക് പരിക്കേറ്റു

ഞായറാഴ്ച രാത്രി 8:50 ന് (17:50 ജിഎംടി) മിസൈല്‍ ആക്രമണം നടന്നതായും തലസ്ഥാനമായ ദമാസ്‌കസിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലും തീരദേശ പ്രവിശ്യയായ താര്‍തൂസിലുമുള്ള 'ചില പോയിന്റുകള്‍' ലക്ഷ്യമിട്ടതായും സന വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Update: 2022-08-15 02:33 GMT

ദമാസ്‌കസ്: സിറിയയില്‍ ഇസ്രായേല്‍ നടത്തിയ 'ഒന്നിലധികം' മിസൈല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് മൂന്ന് സിറിയന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച രാത്രി 8:50 ന് (17:50 ജിഎംടി) മിസൈല്‍ ആക്രമണം നടന്നതായും തലസ്ഥാനമായ ദമാസ്‌കസിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലും തീരദേശ പ്രവിശ്യയായ താര്‍തൂസിലുമുള്ള 'ചില പോയിന്റുകള്‍' ലക്ഷ്യമിട്ടതായും സന വാര്‍ത്താ ഏജന്‍സി അറിയിച്ചു.

സിറിയന്‍ വ്യോമ പ്രതിരോധ സേന 'ആക്രമണങ്ങളെ' നേരിടുകയും ചില മിസൈലുകള്‍ തകര്‍ക്കുകയും ചെയ്തതായി പേര് വെളിപ്പെടുത്താത്ത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സന റിപോര്‍ട്ട് ചെയ്തു. ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കുകിഴക്ക് ദിശയില്‍ നിന്നാണ് ദമാസ്‌കസിലെ ആക്രമണം നടന്നത്. താര്‍തൂസിനെതിരായ ആക്രമണം മെഡിറ്ററേനിയന്‍ കടലില്‍ നിന്നാണ്.

മരണങ്ങള്‍ക്ക് പുറമേ, ആക്രമണങ്ങള്‍ മറ്റു നാശനഷ്ടങ്ങളും ഉണ്ടാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.

2011ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, സര്‍ക്കാര്‍ സ്ഥാപനങ്ങളേയും സഖ്യകക്ഷികളായ ഇറാന്‍ പിന്തുണയുള്ള സേനകളെയും ഹിസ്ബുല്ല പോരാളികളെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ രാജ്യത്തിനകത്ത് നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

Tags:    

Similar News