ആദ്യം അടിച്ചത് പോലിസ്, പിന്നാലെ സൈനികന്‍ തിരിച്ചടിച്ചു; മുഖത്തടിച്ചു, പിടിവലി; സ്‌റ്റേഷനിലെ ദൃശ്യങ്ങള്‍ പുറത്ത്

മഫ്തിയിലുള്ള പോലിസുകാരനായ പ്രകാശ് ചന്ദ്രന്‍ സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നതും തുടര്‍ന്ന് ഇരുവരും തമ്മിലുള്ള പിടിവലിയുടെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്‌റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്.

Update: 2022-10-21 12:16 GMT

കൊല്ലം: കിളികൊല്ലൂര്‍ സ്‌റ്റേഷനില്‍ സൈനികനെ പോലിസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മഫ്തിയിലുള്ള പോലിസുകാരനായ പ്രകാശ് ചന്ദ്രന്‍ സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നതും തുടര്‍ന്ന് ഇരുവരും തമ്മിലുള്ള പിടിവലിയുടെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്‌റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്.

സൈനികനെ ആദ്യം അടിക്കുന്നത് പോലിസുകാരനാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലിസുകാരന്‍ രണ്ടാമതും മുഖത്തടിക്കാന്‍ ശ്രമിക്കുമ്പോഴാണ് വിഷ്ണു തിരിച്ചടിച്ച് പ്രതിരോധിക്കുന്നത്. തുടര്‍ന്നുള്ള പിടിവലിയില്‍ ഇരുവരും താഴെവീണു. പിടിവലിക്കിടെ വിഷ്ണുവിന്റെ ഷര്‍ട്ട് കീറിയതും മുണ്ട് അഴിഞ്ഞുപോകുന്നതും വീഡിയോയിലുണ്ട്.

സൈനികനെ മര്‍ദിച്ച സംഭവം വലിയ വിവാദമായതോടെ സൈനികന്‍ സ്‌റ്റേഷനിലെത്തി മര്‍ദിക്കുന്ന ദൃശ്യമെന്ന് കാണിച്ച് പോലിസുകാര്‍ തന്നെ പുറത്തുവിട്ട വീഡിയോയാണിത്. കേസില്‍ അവസാന പ്രതിരോധ മാര്‍ഗം എന്ന നിലയില്‍ പുറത്തുവിട്ട ദൃശ്യങ്ങളാണെങ്കിലും ആദ്യം മര്‍ദിക്കുന്നത് പോലിസുകാരനാണെന്ന് വീഡിയോയില്‍ വ്യക്തമാണ്.

സ്‌റ്റേഷനില്‍ കയറി ഇടിവള ഉപയോഗിച്ച് വിഷ്ണു മര്‍ദ്ദിച്ചുവെന്നാണ് നേരത്തെ പോലിസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളൊന്നും വീഡിയോയില്‍ ഇല്ല. ഈ സംഭവത്തിന് ശേഷമാണ് എസ്‌ഐയും സിഐയും സ്‌റ്റേഷനിലേക്ക് വരുന്നത്. പിന്നീടാണ് ഇടിമുറിയിലെത്തിച്ച് വിഷ്ണുവിനേയും സഹോദരനേയും പോലിസ് ക്രൂരമായി മര്‍ദിച്ചതെന്നാണ് ആരോപണം. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങളൊന്നും പോലിസ് പുറത്തുവിട്ടിട്ടില്ല.

ഓഗസ്റ്റ് 25ന് എംഡിഎംഎ കേസില്‍പ്പെട്ടയാളെ ജാമ്യത്തിലിറക്കാന്‍ സ്‌റ്റേഷനിലെത്തിയപ്പോഴാണ് വിഷ്ണുവിനേയും സഹോദരനേയും പോലിസ് മര്‍ദിച്ചതും കേസില്‍ കുടുക്കിയതും. സംഭവത്തില്‍ എസ്‌ഐ അനീഷ് ഉള്‍പ്പെടെ നാല് പേരെ സ്ഥലംമാറ്റിയെങ്കിലും ശക്തമായ നടപടി വേണമെന്നാണ് വിഷ്ണുവിന്റെയും കുടുംബത്തിന്റെയും ആവശ്യം.

Tags:    

Similar News