തബ് ലീഗ് പ്രവര്‍ത്തകന്റെ ഭാര്യ മരിച്ചു; കൊവിഡ്-19 മൂലമെന്ന് വ്യാജ പ്രചാരണം
മരിച്ച വീട്ടമ്മയുടെ ഭര്‍ത്താവും മകനും തേനി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്
തേനി: രക്തസമ്മര്‍ദ്ദം കാരണം ആശുപത്രിയില്‍ മരിച്ച വീട്ടമ്മയ്ക്കു കൊവിഡ് 19 ആയിരുന്നുവെന്ന വ്യാജ പ്രചാരണവുമായി വീണ്ടും തമിഴ് മാധ്യമങ്ങള്‍. വ്യാജ പ്രചാരണം മലയാള മാധ്യമങ്ങളും ഏറ്റെടുത്തു. തമിഴ്‌നാട് തേനി ജില്ലയിലെ ബോഡി സ്വദേശിയായ തബ് ലീഗ് പ്രവര്‍ത്തകന്റെ 52കാരിയായ ഭാര്യ മരിച്ചത് കൊവിഡ് 19 മൂലമാണെന്നാണ് കള്ളവാര്‍ത്ത. ഉത്തരവാദപ്പെട്ടവരുടെ അറിവോടെയാണ് വാര്‍ത്ത കെട്ടിച്ചമച്ച് പ്രചരിപ്പിച്ചത്.
നിസാമുദ്ദീന്‍ തബ് ലീഗ് മര്‍കസിലെ ആത്മീയ സംഗമത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഭര്‍ത്താവിനെയും മകനെയും കൊറോണ വ്യാപനം തടയാന്‍ എന്ന് അറിയിച്ചു പോലിസെത്തി ഐസൊലേഷന്‍ ക്യാംപിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു. ഇതോടെയാണ് ഇവര്‍ക്ക് രക്തസമ്മര്‍ദ്ദം കൂടിയത്. ഉടനെ കുടുംബാംഗങ്ങള്‍ അവരെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയ്ക്കിടെയാണ് മരണം. ഹൃദ്രോഗിയായ ഇവര്‍ മൂന്നുവര്‍ഷമായി ചികില്‍സയിലായിരുന്നു. വീട്ടില്‍ പോലിസും ആരോഗ്യ പ്രവര്‍ത്തകരുമെത്തി പരിഭ്രാന്തി സൃഷ്ടിച്ചതാണ് ഇവരുടെ രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയത്. തബ് ലീഗ് മര്‍കസിനെ അപകീര്‍ത്തിപ്പെടുത്താനും കൊവിഡ് 19 വ്യാപനത്തിന്റെ ഉത്തരവാദിത്തം ഒരു പ്രത്യേക വിഭാഗത്തിന്റെ തലയില്‍ ചാര്‍ത്താനുമുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഇരകളാണ് ഈ കുടുംബവും.
മരിച്ച വീട്ടമ്മയുടെ ഭര്‍ത്താവും മകനും തേനി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇരുവര്‍ക്കും പ്രാഥമിക പരിശോധനയില്‍ കൊവിഡ് 19 ബാധിച്ചതായി കണ്ടെത്തിയിട്ടുമില്ല. അവരോടൊപ്പം ആശുപത്രിയിലെ നിരീക്ഷണത്തിലുള്ള മറ്റ് 21 പേര്‍ക്കും രോഗമില്ല. എല്ലാവരുടെയും സ്രവപരിശോധന നടത്തിയതുമാണ്. എന്നിട്ടും ഇവരുടെ വീട്ടുകാരെയും ജനങ്ങളെ മൊത്തത്തിലും ഭീതിയിലാക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രാഥമിക കര്‍മങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലും ചിലയിടങ്ങളില്‍ ഇല്ലെന്നു പരാതിയുണ്ട്. ഉദ്യോഗസ്ഥരില്‍ പലരും നികൃഷ്ട ജീവികളോടെന്ന പോലെയാണ് പെരുമാറുന്നത്. കൊറോണ സാനിധ്യം നെഗറ്റീവ് ഉള്ളവരുടെ ഫലം തിരുത്താന്‍ പോലും സാധ്യതയുണ്ടെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ ആശങ്കപ്പെടുന്നുണ്ട്.