ബാബരി സ്റ്റിക്കര്‍ ബലം പ്രയോഗിച്ച് പതിപ്പിച്ചെന്ന്; വീണ്ടും വ്യാജപ്രചാരണവുമായി കെ സുരേന്ദ്രന്‍

Update: 2021-12-06 10:04 GMT

കോഴിക്കോട്: 'ഹലാല്‍' വിദ്വേഷപ്രചാരണത്തിന് കരുത്തുപകരാന്‍ 'തുപ്പല്‍' പരാമര്‍ശം നടത്തി കൈ പൊള്ളിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വീണ്ടും വ്യാജപ്രചാരണവുമായി രംഗത്ത്. ഹിന്ദുത്വര്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 29ാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് സ്‌കൂള്‍ കുട്ടികള്‍ക്ക് ' ഞാന്‍ ബാബരി' എന്ന സ്റ്റിക്കര്‍ വിതരണം ചെയ്തതിനെതിരേയാണ് കെ സുരേന്ദ്രന്റെ പുതിയ നുണക്കഥകള്‍. 'പത്തനംതിട്ട കോട്ടാങ്ങല്‍ സെന്റ് മേരീസ് സ്‌കൂളിലെ പിഞ്ച് വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് 'ഞാന്‍ ബാബരി' എന്ന സ്റ്റിക്കര്‍ പതിപ്പിക്കുന്ന പിഎഫ്‌ഐ സംഘം' സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണിത്. ഇതോടൊപ്പം ഈ പഞ്ചായത്ത് സിപിഎമ്മും എസ്ഡിപി.ഐയും ഒരുമിച്ചാണ് ഭരിക്കുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു. പിണറായി പോലിസ് ഒരു നടപടിയും എടുക്കുന്നില്ല. കേരളം അതിവേഗം സിറിയയാവുകയാണോ ? എന്നാണ് സുരേന്ദ്രന്റെ ചോദ്യം.

Full View

പോസ്റ്റിനൊപ്പം നല്‍കിയ ചിത്രങ്ങളില്‍നിന്നുതന്നെ സുരേന്ദ്രന്റെ വാദം പച്ചക്കള്ളമാണെന്നും വര്‍ഗീയ വിദ്വേഷം പരത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും വ്യക്തമാണ്. കുട്ടികള്‍ സ്വമേധയാ സ്റ്റിക്കര്‍ വാങ്ങി പോക്കറ്റില്‍ കുത്തുന്നതാണ് ചിത്രങ്ങളിലുള്ളത്. ബലം പ്രയോഗിച്ച് നെഞ്ചില്‍ സ്റ്റിക്കര്‍ പതിപ്പിച്ചതായി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടിയ കുട്ടി ഒരു സ്റ്റിക്കര്‍ കൈയിലുള്ളപ്പോള്‍ വീണ്ടും സ്റ്റിക്കര്‍ വാങ്ങുന്നതും കാണാം. ആരും ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായി കാണുന്നുമില്ല. എല്ലാവരും സന്തോഷത്തോടെ സ്റ്റിക്കര്‍ വാങ്ങിപ്പോവുകയാണ് ചെയ്യുന്നത്. കുട്ടികള്‍ക്ക് ഒരു സ്റ്റിക്കര്‍ നല്‍കിയതിനെ പോലും തെറ്റായി ചിത്രീകരിച്ച് സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തിലാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സുരേന്ദ്രന്റെ കുറിപ്പിന് കീഴില്‍ വര്‍ഗീയ വിദ്വേഷവും മതസ്പര്‍ധയും സൃഷ്ടിക്കുന്ന തരത്തിലുള്ള കമന്റുകളാണ് സംഘപരിവാര്‍ അനുകൂലികള്‍ പടച്ചുവിട്ടിരിക്കുന്നത്. സുരേന്ദ്രന്റെ കുപ്രചാരണം ജനം ടിവിയും ഏറ്റുപിടിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമം എന്ന തരത്തിലാണ് ബാബരി സ്റ്റിക്കര്‍ വിതരണത്തെ ജനം ടിവി ചിത്രീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ച കെ സുരേന്ദ്രന്‍, കേരളം സിറിയയിലേക്ക് നടന്നടുക്കുകയാണെന്ന ആരോപണം ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങളായി സംഘപരിവാര്‍ നേതാക്കള്‍ 'ഹലാല്‍' വിഷയം ഉയര്‍ത്തിക്കാട്ടി സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ വ്യാജപ്രചാരണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.

'ഹലാല്‍' വിഷയത്തില്‍ പൊതുസമൂഹത്തില്‍നിന്ന് വേണ്ടത്ര പിന്തുണ കിട്ടാതെ വന്നപ്പോഴാണ് ഹോട്ടലുകളില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്ന നുണക്കഥ സുരേന്ദ്രന്‍ പടച്ചുവിട്ടത്. ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലുകള്‍ മതതീവ്രവാദികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന പരിപാടിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാലക്കാട് പ്രസ്‌ക്ലബ്ബിലും കോഴിക്കോട് മുതലക്കുളം മൈതാനത്തും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ആവര്‍ത്തിച്ചു.

എന്നാല്‍, പാലക്കാട്ടെ വാര്‍ത്താസമ്മേളനത്തിനിടെ ഭക്ഷണത്തില്‍ 'തുപ്പല്‍' പ്രചാരണം വ്യാജമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ തെളിവ് സഹിതം പൊളിച്ചടുക്കിയതോടെ സുരേന്ദ്രന്‍ ഉരുണ്ടുകളിക്കുകയാണുണ്ടായത്. ഹോട്ടലുകളിലെ ഭക്ഷണത്തില്‍ തുപ്പുന്നുണ്ടെന്ന പരാമര്‍ശം നിഷേധിച്ച സുരേന്ദ്രന്‍, താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു വാദം. 'ഹലാല്‍' ഹോട്ടലുകള്‍ക്കെതിരായ സംഘപരിവാര്‍ ക്രിസംഘി വിദ്വേഷ പ്രചാരണം ബിജെപി അനുകൂലികളായ കച്ചവടക്കാര്‍ക്ക് തന്നെ തിരിച്ചടിയായതോടെ കെ സുരേന്ദ്രനെ തള്ളി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്തുവന്നതും തിരിച്ചടിയായി.

'വ്യക്തിപരമായ ഒരു നിരീക്ഷണം' എന്ന ആമുഖത്തില്‍ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റേയും സംഘപരിവാര്‍ പ്രവര്‍ത്തകരുടേയും വാദങ്ങളെ സന്ദീപ് വാര്യര്‍ വിമര്‍ശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രതിരോധത്തിലായതോടെ സന്ദീപ് വാര്യര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി. ഇതിന് പിന്നാലെയാണ് ശബരിമലയില്‍ പോലും ഹലാല്‍ ശര്‍ക്കരയാണ് വിതരണം ചെയ്യുന്നതെന്ന വ്യാജപ്രചാരണവും ഏറ്റുപിടിച്ച് സുരേന്ദ്രന്‍ രംഗത്തുവന്നത്. എന്നാല്‍, ശര്‍ക്കര വിതരണം ചെയ്യുന്നത് മുസ്‌ലിം മാനേജ്‌മെന്റ് കമ്പനിയല്ലെന്ന തെളിവുകള്‍ പുറത്തുവന്നതോടെ സംഘപരിവാര്‍ വീണ്ടും വെട്ടിലായി. മഹാരാഷ്ട്രയിലെ ശിവസേനാ നേതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ശബരിമലയില്‍ ശര്‍ക്കര വിതരണം ചെയ്യുന്നതെന്നാണ് പുറത്തുവന്ന രേഖകള്‍.

Tags:    

Similar News