കൊവിഡ് മരണം: തിരുപ്പതിയില്‍ തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ സംസ്‌കരിച്ചത് 500ഓളം പേരെ
ന്യൂഡല്‍ഹി: കൊവിഡിന്റെ ആദ്യഘട്ടത്തില്‍ ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസില്‍ നടന്ന ചടങ്ങിന്റെ പേരില്‍ വംശീയ വിദ്വേഷമുണ്ടാക്കുന്ന തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ കുറ്റപ്പെടുത്തിയവര്‍ ഇപ്പോള്‍ അവരെ അഭിനന്ദിക്കുന്ന തിരക്കിലാണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി നഗരത്തില്‍ മാത്രം 60ഓളം തബ് ലീഗ് ജമാഅത്ത് അംഗങ്ങളുടെ സംഘം കൊവിഡ് ബാധിച്ച് മരിച്ച 500 ഓളം പേരുടെ മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. 2020ല്‍ കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സമാന ചിന്താഗതിക്കാരെയും കൂട്ടി തിരുപ്പതി യുനൈറ്റഡ് മുസ്ലിം അസോസിയേഷന് കീഴില്‍ കൊവിഡ് -19 ജോയിന്റ് ആക്ഷന്‍ കമ്മിറ്റി (ജെഎസി) രൂപീകരിച്ചാണ് പ്രവര്‍ത്തനം. സമുദായമോ മതമോ നോക്കാതെ കഴിഞ്ഞ ഒരു മാസമായി പ്രതിദിനം കുറഞ്ഞത് 15 മൃതദേഹങ്ങളെങ്കിലും സംസ്‌കരിച്ചിട്ടുണ്ട്.
''കഴിഞ്ഞ വര്‍ഷം, കൊവിഡ് -19 മഹാമാരിയില്‍ പലരും നമ്മില്‍ ചിലരെ കുറ്റപ്പെടുത്തി. ഇപ്പോള്‍ എല്ലാവരും ഞങ്ങളെ അഭിനന്ദിക്കുന്നുവെന്ന് അംഗങ്ങളിലൊരാള്‍ പറഞ്ഞു. മരണപ്പെട്ടവരുടെ മതപാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ സംസ്‌കാരം നടത്തുന്നത്. ഹിന്ദുവാണെങ്കില്‍ ഒരു തുണിയും പുഷ്പമാലയും ചാര്‍ത്തും. ക്രിസ്ത്യാനികളാണെങ്കില്‍ മൃതദേഹം ഒരു ശവപ്പെട്ടിയില്‍ സംസ്‌കരിക്കും. പ്രാര്‍ത്ഥന ക്രമീകരിക്കാന്‍ ഒരു ക്രിസ്ത്യന്‍ പാതിരിയെ ക്ഷണിക്കും. മുസ് ലിമാണെങ്കില്‍ മയ്യിത്ത് നമസ്‌കാരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫോണില്‍ ബന്ധപ്പെടുന്നതനുസരിച്ച് ദിവസവും 60 ഓളം വോളന്റിയര്‍മാരുമായി ഏകോപിപ്പിക്കുന്നുണ്ട്. 60 അംഗങ്ങളെ മൂന്ന് ടീമുകളായി തിരിച്ചിരിക്കുന്നു. ഓരോ ടീമിനും ദിവസവും കുറഞ്ഞത് നാലഞ്ചു മൃതദേഹങ്ങളെങ്കിലും സംസ്‌കരിക്കാനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ളവ സ്വന്തമായോ സംഭാവനകള്‍ വഴിയോ ആണ് സ്വരൂപിക്കുന്നത്. സേവനവുമായി മുന്നോട്ട് പോവാന്‍ പോലിസും മുനിസിപ്പാലിറ്റിയും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും സഹായിക്കുന്നുണ്ടെന്നും തബ് ലീഗ് ജമാഅത്ത് വോളന്റിയര്‍ പറഞ്ഞു.
Tablighi Jamaat members cremate, bury over 500 Covid victims