11 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഝാര്‍ഖണ്ഡ് കോടതി

പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതെന്ന് റോസ്‌നാമ രാഷ്ട്രീയ സഹാറയും മറ്റ് ഉര്‍ദു പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-02-09 14:14 GMT

ന്യൂഡല്‍ഹി: ഇസ്‌ലാമിക സംഘടനയായ തബ്‌ലീഗ് ജമാഅത്തിന്റെ വിദേശികളായ 11 പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കാന്‍ ഝാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലെ കോടതി ഉത്തരവിട്ടു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതെന്ന് റോസ്‌നാമ രാഷ്ട്രീയ സഹാറയും മറ്റ് ഉര്‍ദു പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് വ്യാപനം തടയുന്നതിനായി പുറപ്പെടുവിച്ച മാനദണ്ഡങ്ങളും വിസാനിയമങ്ങളും ലംഘിച്ചുവെന്നാരോപിച്ച് 2020 മാര്‍ച്ച് 24നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ഇവരെ ക്വാറന്റൈനിലേക്കയക്കുകയും പിന്നീട് ഏപ്രില്‍ 7ന് ഇവരെ ജയിലിലേക്ക് മാറ്റുകയുമായിരുന്നു.

ഏപ്രിലില്‍ ബിജെപി മന്ത്രിമാരും ഗോഡി മാധ്യമ ചാനലുകളും ഉള്‍പ്പെടെയുള്ള വലതുപക്ഷ ഗ്രൂപ്പാണ് തബ് ലീഗ് ജമാഅത്തിനെ ലക്ഷ്യമിട്ടത്. എന്നിരുന്നാലും, ഇന്ത്യയിലുടനീളമുള്ള നിരവധി കോടതികള്‍ തബ് ലീഗ് അംഗങ്ങള്‍ക്കെതിരായ കേസുകള്‍ റദ്ദാക്കുകയും മോചിപ്പിക്കുകയും ചെയ്തിരുന്നു. വിദേശികളായ തബ്‌ലീഗ് പ്രവര്‍ത്തകരെ കൊവിഡുമായി ബന്ധപ്പെടുത്തി ബലിയാടാക്കിയെന്ന് ബോംബെ ഹൈക്കോടതി സുപ്രധാനമായ ഒരു വിധിന്യായത്തില്‍ നിരീക്ഷിച്ചിരുന്നു.

തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് വിദ്വേഷം പ്രചരിപ്പിച്ച ആഭ്യന്തരമന്ത്രി അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മാപ്പ് പറയണമെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അനില്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News