താലിബാന്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചു; ബലപ്രയോഗത്തിലൂടെ തലസ്ഥാനം കീഴടക്കില്ലെന്ന്
നാലു ഭാഗത്തുനിന്നും ഒരേസമയം താലിബാന്‍ സേന കാബൂളിലേക്ക് ഇരച്ചുകയറുകയാണ്.
കാബൂള്‍: താലിബാന്‍ സൈന്യം അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയവും സായുധ സംഘവും അറിയിച്ചു. നാലു ഭാഗത്തുനിന്നും ഒരേസമയം താലിബാന്‍ സേന കാബൂളിലേക്ക് ഇരച്ചുകയറുകയാണ്. ജലാലാബാദ് നഗരം പിടിച്ചെടുത്ത് കാബൂളിനെ ഒറ്റപ്പെടുത്തിയ താലിബാന്‍, പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു. ഇന്ന് രാവിലെയോടെയാണ് തന്ത്രപ്രധാനമായ ജലാലാബാദ് നഗരം താലിബാന്‍ പിടിച്ചെടുത്തത്.
അതേസമയം, ബലപ്രയോഗത്തിലൂടെ കാബൂള്‍ കീഴടക്കാന്‍ പദ്ധതിയില്ലെന്നാണ് താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കുന്നത്. പോരാളികളോട് അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും കാബൂള്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിതമായ പാതയൊരുക്കാനും തുടരുന്ന സമാധാന ചര്‍ച്ചകള്‍ക്ക് വേദിയായ ദോഹയിലെ മുതിര്‍ന്ന താലിബാന്‍ നേതാവ് നിര്‍ദേശിച്ചിട്ടുണ്ട്.
കാബൂള്‍ സുരക്ഷതമെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. അതേസമയം, പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സര്‍ക്കാര്‍ പ്രത്യാക്രമണം നടത്തുമോ അതോ കീഴടങ്ങുമോ എന്ന് വ്യക്തമല്ല.
ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാന്‍ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ 22ന്റെയും നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തുകഴിഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടും മൂന്നും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാന്‍ കഴിഞ്ഞ ദിവസങ്ങളിലാണ് കീഴടക്കിയത്.
താലിബാന്‍ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ കാബൂളിലേക്ക് ഒഴുകുകയാണ്. ഭക്ഷണവും മറ്റു സൗകര്യങ്ങളുമില്ലാതെ തിങ്ങി നിറഞ്ഞു കഴിയുന്ന ആളുകള്‍ നഗരത്തിലെ പ്രധാന കാഴ്ചയായി മാറി കഴിഞ്ഞു. അതേസമയം ദോഹയില്‍ തിരക്കിട്ട സമാധാന നീക്കങ്ങളാണ് നടക്കുന്നത്. എത്രയും പെട്ടെന്ന് വെടിനിര്‍ത്തലിന് തയ്യാറാകാന്‍ ഖത്തര്‍ താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കാബൂളില്‍ സംഘം പ്രവേശിച്ചതായി താലിബാന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു
കാബൂള്‍ പ്രവിശ്യയില്‍ സംഘം പ്രവേശിച്ചതായി താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ സ്ഥിരീകരിച്ചു. എല്ലാവരോടും ശാന്തത പാലിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടെന്നും സമാധാനത്തിന്റെ സന്ദേശവുമായി എത്തണമെന്നും അദ്ദേഹം പറഞ്ഞു. 'തങ്ങള്‍ക്ക് യുദ്ധം ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്നും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്നും ആര്‍ക്കെങ്കിലും നഗരം വിട്ടുപോകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്ക് സുരക്ഷിതമായ പാത നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
അഫ്ഗാന്‍ തലസ്ഥാനം ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ലെന്ന് താലിബാന്‍ നേതൃത്വം പറയുന്നു
കാബൂളിന്റെ കവാടം കടന്ന് നഗരം ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കരുതെന്ന് താലിബാന്‍ തങ്ങളുടെ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി താലിബാന്‍ ഓണ്‍ലൈനില്‍ പ്രസ്താവന പുറത്തിറക്കി.
'ആരുടേയും ജീവനും സ്വത്തിനും അഭിമാനത്തിനും കോട്ടം തട്ടാതെ, കാബൂളികളുടെ ജീവിതത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ, ഭരണ കൈമാറ്റ പ്രക്രിയ സുരക്ഷിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു.'
അവരുടെ സ്വത്തും പണവും സ്ഥാപനങ്ങളും സായുധ സംഘത്താല്‍ അസ്വസ്ഥമാകില്ലെന്ന് ബാങ്കുകള്‍ക്കും വ്യാപാരികള്‍ക്കും മറ്റ് സംരംഭകര്‍ക്കും ഉറപ്പുനല്‍കാന്‍ ശ്രമിക്കുന്ന മറ്റൊരു പ്രസ്താവനയും അവര്‍ പുറത്തിറക്കി.