അഫ്ഗാന്‍ സമാധാന ധാരണ: ഇരു വിഭാഗവും തടവുകാരെ മോചിപ്പിച്ചു തുടങ്ങി

400 തടവുകാരില്‍ 80പേരെയാണ് സമാധാന ധാരണയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്നത്.

Update: 2020-08-15 09:24 GMT

കാബൂള്‍: ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി ജയിലുകളില്‍ കഴിയുന്ന താലിബാന്‍ പോരാളികളെ മോചിപ്പിച്ച് തുടങ്ങിയതായി അഫ്ഗാന്‍ ഭരണകൂടം അറിയിച്ചു. ഇനി ജയിലുകളില്‍ അവശേഷിക്കുന്ന 400 തടവുകാരില്‍ 80പേരെയാണ് സമാധാന ധാരണയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്നത്. 80 തടവുകാരെ വ്യാഴാഴ്ച വിട്ടയച്ചതായി ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജാവിദ് ഫൈസല്‍ പറഞ്ഞു. നേരിട്ടുള്ള ചര്‍ച്ചകള്‍ക്കും രാജ്യവ്യാപകമായി നിലനില്‍ക്കുന്ന വെടിനിര്‍ത്തലിനുമുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രതിനിധി ജാവിദ് ഫൈസല്‍ അറിയിച്ചു. ഇതിന് പകരമായി 86 തടവുകാരെ മോചിപ്പിച്ചതായി താലിബാനും വ്യക്തമാക്കി.

പരസ്പരം പോരടിക്കുന്ന ഇരു വിഭാഗത്തിനുമിടയിലെ സമാധാന ശ്രമങ്ങള്‍ ജയില്‍പുള്ളികളുടെ മോചനത്തെ ചൊല്ലി നീണ്ടുപോവുകയായിരുന്നു. തടവുകാരുടെ മോചനത്തിലൂടെ സമാധാന ചര്‍ച്ചകള്‍ക്കുള്ള പ്രധാന തടസ്സമാണ് നീങ്ങുന്നത്.വിട്ടയക്കുന്ന 400 പേരില്‍ ഗുരുതരമായ കുറ്റകൃതൃം ചെയ്തവരും ഉള്‍പെടും. മന്ത്രിസഭാ യോഗം ചേര്‍ന്നാണ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി തീരുമാനമെടുത്തത്. ഇവരെ വിട്ടയക്കുന്നത് സമാധാനത്തിന് ഭംഗമുണ്ടാക്കുമോ എന്ന ആശങ്കയും പ്രസിഡന്റ് ഉന്നയിച്ചിരുന്നു.

ഫെബ്രുവരിയില്‍ യുഎസും താലിബാനും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ് ഇരുവിഭാഗത്തുനിന്നുള്ള തടവുകാരെയും ഘട്ടംഘട്ടമായി വിട്ടയക്കുന്നത്. 5000 താലിബാന്‍ തടവുകാരെയും താലിബാന്‍ പോരാളികള്‍ തട്ടിക്കൊണ്ടുപോയ 1000 സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥന്‍മാരെയും പരസ്പരം വിട്ടയക്കണമെന്നതാണ് കരാര്‍. തടവുകാരുടെ മോചനം പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News