സൈന്യം പിന്‍വാങ്ങിയില്ലെങ്കില്‍ പ്രതികരിക്കും: യുഎസിന് മുന്നറിയിപ്പുമായി താലിബാന്‍

അഫ്ഗാനിലെ 20വര്‍ഷത്തെ സൈനിക സാന്നിധ്യം അവസാനിപ്പിക്കാന്‍ യുഎസ് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷവും, നയതന്ത്ര പ്രതിനിധികള്‍ക്ക് സുരക്ഷ നല്‍കുന്നതിന് 650 സൈനികര്‍ തുടരുമെന്ന് യുഎസ് അധികൃതരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Update: 2021-06-26 10:43 GMT

കാബൂള്‍: സെപ്റ്റംബര്‍ 11ന് ശേഷവും അമേരിക്ക അഫ്ഗാനില്‍ സൈന്യത്തെ നിലനിര്‍ത്തുകയാണെങ്കില്‍ സായുധ സംഘത്തിന് 'പ്രതികരിക്കാനുള്ള അവകാശം' ഉണ്ടെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍. അല്‍ജസീറയുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം യുഎസിന് മുന്നറിയിപ്പ് നല്‍കിയത്.

സെപ്റ്റംബര്‍ 11 ആണ് യുഎസ് സൈന്യം പിന്‍വാങ്ങുന്നത് പൂര്‍ത്തിയാക്കാന്‍ നിശ്ചയിക്കപ്പെട്ട സമയപരിധി. അഫ്ഗാനിലെ 20വര്‍ഷത്തെ സൈനിക സാന്നിധ്യം അവസാനിപ്പിക്കാന്‍ യുഎസ് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷവും, നയതന്ത്ര പ്രതിനിധികള്‍ക്ക് സുരക്ഷ നല്‍കുന്നതിന് 650 സൈനികര്‍ തുടരുമെന്ന് യുഎസ് അധികൃതര്‍ വ്യാഴാഴ്ച അസോസിയേറ്റഡ് പ്രസ്സ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കിയിരുന്നു.

യുഎസ് സൈന്യത്തെ നിലനിര്‍ത്തുകയാണെങ്കില്‍ യുഎസിനും താലിബാനുമിടയിലെ ദീര്‍ഘകാലം യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2020 ഫെബ്രുവരിയില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍വച്ചുണ്ടാക്കിയ ധാരണയുടെ ലംഘനമാണെന്ന് വാര്‍ത്തയോട് പ്രതികരിച്ച് ഷഹീന്‍ വ്യക്തമാക്കി.

തങ്ങളുടെ എല്ലാ സൈനികരേയും ഉപദേശകരെയും കരാറുകാരെയും അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കുമെന്ന് അവര്‍ സമ്മതിക്കുകയും ഉറപ്പുനല്‍കിയതുമാണ്. ഇത് കരാറിന്റെ വ്യക്തമായ ലംഘനമാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News