അഫ്ഗാനിസ്താനിലെ അടച്ചിട്ട ഇന്ത്യന്‍ എംബസികളില്‍ താലിബാന്റെ റെയ്ഡ്

Update: 2021-08-20 09:03 GMT

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ അടച്ചിട്ട ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ് നടത്തി. കാന്തഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് താലിബാന്‍ പരിശോധന നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ഷെല്‍ഫുകളിലെ രേഖകളും ഫയലുകളും പരിശോധിച്ച സംഘം എംബസികളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എടുത്തുകൊണ്ടുപോയി. താലിബാന്‍ സര്‍ക്കാര്‍ നേതാക്കള്‍ ലോകത്തിന് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.

താലിബാന്‍ അംഗങ്ങള്‍ ബുധനാഴ്ച കാന്തഹാറിലെയും ഹെറാത്തിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ സന്ദര്‍ശിച്ചു. അവര്‍ കാന്തഹാര്‍ എംബസിയിലെ പേപ്പറുകള്‍ക്കായി 'ക്ലോസറ്റുകള്‍ തിരഞ്ഞു'. കൂടാതെ രണ്ട് കോണ്‍സുലേറ്റുകളിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കൊണ്ടുപോയി. ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചിരുന്നു. അവര്‍ സ്ഥലത്ത് പരിശോധന നടത്തുകയും രേഖകള്‍ തിരയുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു- മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു. കാബൂളിലെ എംബസി കൂടാതെ രാജ്യത്ത് ഇന്ത്യയുടെ നാല് എംബസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജലാലാബാദിലെയും കാബൂളിലെയും എംബസികള്‍ക്ക് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

കാന്തഹാറിനും ഹെറാത്തിനും പുറമേ ഇന്ത്യക്ക് മസാര്‍ ഇ ഷെരീഫില്‍ ഒരു കോണ്‍സുലേറ്റുണ്ടായിരുന്നു. അത് താലിബാന്‍ നിയന്ത്രണമേറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടി. കാബൂളിലെ എംബസി ഔദ്യോഗികമായി അടച്ചിട്ടില്ല. ഇത് പ്രാദേശിക സഹായത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. കാബൂള്‍ പിടിച്ചെടുത്ത ശേഷം താലിബാന്‍ കാബൂളില്‍ വീടുവീടാന്തരം തിരച്ചില്‍ നടത്തിയിരുന്നു. ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷനല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയില്‍ ജോലിചെയ്തിരുന്ന അഫ്ഗാനികളെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു തിരച്ചില്‍.

യുഎസ്സിനും നാറ്റോ സേനയ്ക്കുമൊപ്പം പ്രവര്‍ത്തിച്ച ആളുകളെ കണ്ടെത്താന്‍ താലിബാന്‍ വീടുവീടാന്തരം തിരയുന്നതായി യുഎന്‍ രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാന്റെ ഹഖാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അനസ് ഹഖാനി, സഹോദരന്‍ സിറാജുദ്ദീന്‍ ഹഖാനി എന്നിവരുടെ നേതൃത്വത്തില്‍ ആറായിരത്തോളം വരുന്ന കേഡര്‍മാരാണ് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. മുന്‍ പ്രസിഡന്‍് ഹാമിദ് കര്‍സായി, എച്ച്‌സിഎന്‍ആര്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല, ഹിസ്‌ബെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാവ് ഗുലാബുദ്ദീന്‍ ഹിക്മതിയാര്‍ തുടങ്ങിയവരുമായി അനസ് ഹഖാനി കൂടിക്കാഴ്ച നടത്തി.

Tags:    

Similar News