തമിഴ്‌നാട് ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
രാജഭവനിലെ 87 ജീവനക്കാര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്..
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസമായി ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. രാജഭവന്‍ ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഗവര്‍ണര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെ ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗവര്‍ണറുടെ ആരോഗ്യനില തൃപ്തികരമായതിനാല്‍ വീട്ടില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം. രാജഭവനിലെ 87 ജീവനക്കാര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്..
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കം ഒരാഴ്ച മുമ്പ് രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മദ്രാസ് ഹൈക്കോടതി രജിസ്ട്രാറും രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥനും പൂന്തോട്ട ജീവനക്കാരനും അടക്കം രാജ്ഭവനിലെ 87 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇന്ന് 5875 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.