ദലിത് വിദ്യാര്‍ഥികളെക്കൊണ്ട് ഒരുവര്‍ഷത്തോളം കക്കൂസ് കഴുകിച്ചു; തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അറസ്റ്റില്‍

Update: 2022-12-03 16:29 GMT

ചെന്നൈ: ദലിത് വിദ്യാര്‍ഥികളെക്കൊണ്ട് ഒരുവര്‍ഷത്തോളം കക്കൂസ് കഴുകിച്ച സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെ അറസ്റ്റുചെയ്തു. പെരുന്തുരൈ പാലക്കര പഞ്ചായത്ത് യൂനിയന്‍ പ്രൈമറി സ്‌കൂളിലെ എച്ച് എം ഗീതാ റാണിയെയാണ് ശനിയാഴ്ച ഈറോഡ് പോലിസ് അറസ്റ്റ് ചെയ്തത്. തോപ്പുപാളയം ഗ്രാമത്തിലെ ദലിത് വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് നിര്‍ബന്ധിച്ച് കക്കൂസ് കഴുകിപ്പിക്കുകയായിരുന്നു ഗീതാ റാണി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 മൂന്ന് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

ഒളിവിലായിരുന്ന ഗീതാറാണിയെ പിടികൂടാന്‍ പോലിസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. നവംബര്‍ 21ന് ഒരു വിദ്യാര്‍ഥിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈറോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച 10 വയസ്സുകാരന്റെ രക്തസാംപിള്‍ പരിശോധിച്ചപ്പോള്‍ ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ''വൃത്തിഹീനമായ സ്ഥലങ്ങളില്‍ മാത്രമാണ് ഡെങ്കിപ്പനി പടരുന്നത്.

എങ്ങനെയാണ് ഡെങ്കിപ്പനി പിടിപെട്ടതെന്ന് അറിയാന്‍ ശ്രമിക്കുന്നതിനിടെ, നവംബര്‍ 18ന് സ്‌കൂളിലെ ശൗചാലയം വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടെന്നും അവിടുത്തെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കൊതുകുകടിയേറ്റെന്നും കുട്ടി തങ്ങളോട് പറഞ്ഞുവെന്ന്'' അമ്മാവന്‍ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. അന്വേഷണത്തില്‍ ഹെഡ്മിസ്ട്രസ് കുട്ടികളെക്കൊണ്ട് സ്ഥിരം കക്കൂസ് കഴുകിക്കാറുണ്ടെന്ന് കണ്ടെത്തി. സ്‌കൂള്‍ വളപ്പിനുള്ളിലെ രണ്ട് ശുചിമുറികള്‍ വൃത്തിയാക്കാനാണ് ദലിത് വിഭാഗത്തില്‍പ്പെട്ട വിവിധ ക്ലാസുകളിലെ ആറ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്. അവയിലൊന്ന് വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നതും മറ്റൊന്ന് അധ്യാപകരുടേതുമായിരുന്നു.

''എന്റെ അനന്തരവന്‍ മാസങ്ങളോളം കക്കൂസ് വൃത്തിയാക്കി. അത് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. കക്കൂസ് വൃത്തിയാക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത് എച്ച്.എം ആയതിനാല്‍ ഇത് അംഗീകരിക്കാനാവില്ല.ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശൗചാലയം വൃത്തിയാക്കാനാണ് പ്രധാധന്യാപിക ഞങ്ങളുടെ സമുദായത്തില്‍ പെട്ട കുട്ടികളോട് ആവശ്യപ്പെട്ടത്. ഒരുവര്‍ഷത്തോളമായി വാട്ടര്‍ ടാങ്കുകളും ടോയ്‌ലറ്റുകളും വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കുട്ടികളുടെ ശരീരത്തില്‍ കുമിളകളുണ്ട്''- കൃഷ്ണമൂര്‍ത്തി പറഞ്ഞു. നവംബര്‍ 27നാണ് കൃഷ്ണമൂര്‍ത്തിയുടെ മരുമകന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്.

കഴിഞ്ഞയാഴ്ച കുട്ടികള്‍ കക്കൂസില്‍ നിന്ന് വടികളും മഗ്ഗുകളുമായി വരുന്നത് ഒരു രക്ഷിതാവ് കണ്ടു. ചോദിച്ചപ്പോള്‍ കക്കൂസ് വൃത്തിയാക്കാനാണെന്നാണ് പറഞ്ഞത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് തങ്ങളോട് ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന് കുട്ടികള്‍ പറഞ്ഞു. 40 കുട്ടികളാണ് ക്ലാസില്‍ പഠിക്കുന്നത്. അവരില്‍ ഭൂരിഭാഗവും ദലിത് കുട്ടികളാണ്. തങ്ങളുടെ കുട്ടികളോട് മാത്രമേ ഇത് ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടുള്ളൂ- രക്ഷിതാവ് പറയുന്നു.

സംഭവം പുറത്തായതോടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ നമ്പറായ 1098ല്‍ വിളിച്ച് ഈറോഡ് ചൈല്‍ഡ് വെല്‍ഫെയര്‍ യൂണിറ്റില്‍ പരാതി നല്‍കുകയായിരുന്നു. നവംബര്‍ 30ന് പത്തുവയസ്സുകാരന്റെ അമ്മ ജയന്തി ഗീതാറാണിക്കെതിരേ പെരുന്തുരൈ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഗീതാ റാണി തന്റെ മകനോടും നാലാം ക്ലാസിലെ നാല് വിദ്യാര്‍ഥികളോടും മൂന്നാം ഗ്രേഡിലെ ഒരു വിദ്യാര്‍ഥിയോടും എല്ലാ ദിവസവും ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടതായി എഫ്‌ഐആറില്‍ പറയുന്നു.

Tags:    

Similar News