മതം മാറാന്‍ വിസമ്മതിച്ചതിന് അപമാനിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച കൗമാരക്കാരി മരിച്ചു, ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍
കുടുംബത്തോടെ ക്രിസ്തുമതത്തിലേക്ക് മാറാന്‍ വാര്‍ഡന്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ചിരുന്നുവെന്നും ഇത് നിഷേധിച്ചതിന് വിദ്യാര്‍ത്ഥിനിയെ അപമാനിച്ചുവെന്നുമാണ് ആരോപണം. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചെന്നൈ: മതം മാറാന്‍ വിസമ്മതിച്ചതിന് ഹോസ്റ്റല്‍ വാര്‍ഡന്‍ അപമാനിച്ചെന്ന് ആരോപിച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കൗമാരക്കാരി മരിച്ചു. കുടുംബത്തോടെ ക്രിസ്തുമതത്തിലേക്ക് മാറാന്‍ വാര്‍ഡന്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ചിരുന്നുവെന്നും ഇത് നിഷേധിച്ചതിന് വിദ്യാര്‍ത്ഥിനിയെ അപമാനിച്ചുവെന്നുമാണ് ആരോപണം. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് അവര്‍ തന്നോടും കുടുംബത്തോടും ക്രിസ്തുമാതത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. തന്റെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കിക്കൊള്ളാമെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടി ഇങ്ങനെ പറയുന്നത് കേള്‍ക്കാവുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
മതം മാറാത്തതില്‍ അവര്‍ ഉപദ്രവിച്ചിരുന്നോ എന്ന ചോദ്യത്തിന് കുട്ടി ചിലപ്പോള്‍ എന്ന് മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. മതംമാറ്റ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ കുടുംബവും ആവശ്യപ്പെട്ടു. ജനുവരി 9നാണ് പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ജനുവരി 19 ന് കുട്ടി മരിച്ചു. കുട്ടിയുടെ ആരോപണത്തില്‍ വാര്‍ഡനെതിരേ ആത്മഹത്യാപ്രേരണാ കുറ്റത്തിന് ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്തു. വിദ്യാര്‍ഥിയെക്കൊണ്ട് വാര്‍ഡന്‍ അഡ്മിനിസ്‌ട്രേഷന്‍, മെയിന്റനന്‍സ് ഭാഗങ്ങള്‍ വൃത്തിയാക്കിച്ചുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
കുട്ടിയുടെ മരണമൊഴി റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഇതില്‍ മതംമാറ്റമെന്ന ആരോപണം ഇല്ലെന്നും എന്നാല്‍ അതും അന്വേഷിക്കുന്നുണ്ടെന്നും പോലിസ് പറഞ്ഞു. നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ പകര്‍ത്തിയയാളെ തിരയുന്നുണ്ടെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആരാണെന്ന് പുറത്തുവിട്ടത് നിയമലംഘനമാണെന്നും പോലിസ് വ്യക്തമാക്കി.