താനൂര്‍: താനൂര്‍ തൂവല്‍തീരത്ത് പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് മരണപ്പെട്ടവരുടെ എണ്ണം 18 ആയി. ബോട്ടില്‍ 40 ലധികം പേരുണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതിനാല്‍തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. ആറ് കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയാണ് മരണപ്പെട്ടത്. എന്നാല്‍ മരണപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ്പരാഥമിക വിവരം. ഞായറാഴ്ചയും അവസാന ട്രിപ്പുമായതിനാല്‍ ബാക്കിയുള്ളവരെ മുഴുവന്‍ ബോട്ടില്‍ കയറ്റിയെന്നാണ് ലഭ്യമാകുന്ന വിവരം. വിനോദ സഞ്ചാരികള്‍ കൂടുതലെത്തുന്ന സ്ഥലമായതിനാല്‍ 20 പേരെ കൊള്ളുന്ന ബോട്ടില്‍ 40ഓളം പേര്‍ കയറാറുണ്ടെന്നും ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്ന് വൈകീട്ട് 6.30 ഓടെയാണ് താനൂറിനെ വിറങ്ങലിച്ച് ബോട്ട് ദുരന്തം ഉണ്ടായത്.
35ഓളം യാത്രക്കാരുണ്ടായിരുന്ന വിനോദയാത്രാ ബോട്ട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. അതേസമയം, ഏഴുപേരെ രക്ഷപ്പെടുത്തിയെന്നും വിവരമുണ്ട്. രാത്രിയായതിനാല്‍ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത്. വെള്ളത്തിനടിയിലുള്ള ബോട്ട് ഇപ്പോഴും കരയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.