കോഴിക്കോട്: താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, ആലപ്പുഴ ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സര്‍വേയര്‍ സെബസ്റ്റ്യനാണ് ബോട്ടിനെ സംബന്ധിച്ചുള്ള പരിശോധന നടത്തേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. അപകടത്തിനിടയാക്കിയ അറ്റ്‌ലാന്റിക് ബോട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അന്വേഷണസംഘം നേരത്തേ പിടിച്ചെടുത്തിരുന്നു. ഇരുവരും ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മല്‍സ്യബന്ധന ബോട്ടാണ് ഇതെന്ന കാര്യം മറച്ചുവച്ച്, പുതിയ ബോട്ടെന്ന നിലയിലാണ് അറ്റ്‌ലാന്റിക്കിന് അനുമതി നല്‍കിയത്. ഓരോഘട്ടത്തിലും പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥനാണ് സര്‍വേയര്‍. എന്നാല്‍ പരിശോധന വിശദമായ നടത്തിയിരുന്നില്ല. പിന്നീട് മുകള്‍ത്തട്ടിലേക്ക് കോണി നിര്‍മിച്ച കാര്യം പോലും സര്‍വേയര്‍ പരിശോധിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. ബേപ്പൂരിന്റെ ചുമതലയുള്ള സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററായ പ്രസാദ് ബോട്ടുടമ നാസറിനെ പലവിധത്തില്‍ സഹായിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായും സൂചനയുണ്ട്. ബോട്ടിന് ലൈസന്‍സ് പോലും ലഭിക്കാതെയാണ് സര്‍വീസ് നടത്തിയത്. ബോട്ടിന്റെ അപേക്ഷയിന്മേല്‍, ഫയലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാസറിന് പ്രസാദ് അയച്ചുകൊടുത്തതായും കണ്ടെത്തിയിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് വി കെ മോഹനന്‍ ചെയര്‍മാനായുള്ള ജുഡീഷ്യല്‍ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. 2023 മെയ് ഏഴിനാണ് മലപ്പുറം താനൂരിനു സമീപം തൂവല്‍ത്തീരത്ത് അറ്റ്‌ലാന്റിക് ബോട്ട് മറിഞ്ഞ് 22 പേര്‍ മരണപ്പെട്ടത്.