തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന 15കാരന്‍ ആംബുലന്‍സുമായി കടന്നു; സുരക്ഷാവീഴ്ച പരിശോധിക്കുന്നു

Update: 2022-12-13 05:33 GMT

തൃശൂര്‍: ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 15കാരന്‍ ആംബുലന്‍സുമായി കടന്നു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. തിരക്കുള്ള റോഡില്‍ എട്ട് കിലോമീറ്റര്‍ ആംബുലന്‍സ് ഓടിച്ച കുട്ടിയെ ഒല്ലൂര്‍ ആനക്കല്ലില്‍ നിന്നാണ് പിടികൂടിയത്. ആശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന 'കനിവ്' 108 ആംബുലന്‍സുമായാണ് കുട്ടി കടന്നത്. ആശുപത്രിയിലെ തന്നെ ജീവനക്കാരിയുടെ മകനാണ് ഈ കുട്ടി. ഇരിങ്ങാലക്കുട സ്വദേശിയാണ്. നാല് ദിവസമായി ചികില്‍സയിലായിരുന്നു. ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന കുട്ടി ആംബുലന്‍സുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ആംബുലന്‍സില്‍ താക്കോല്‍ വച്ചശേഷം ഡ്രൈവര്‍ പുറത്തേക്ക് പോയതായിരുന്നു. കിസാന്‍ സഭയുടെ മാര്‍ച്ച് നഗരത്തിലൂടെ പോവുമ്പോഴാണ് കുട്ടി ആംബുലന്‍സുമായി റോഡിലുടെ പാഞ്ഞത്. ആനക്കല്ലിലെത്തിയപ്പോള്‍ ആംബുലന്‍സ് ലെവല്‍ ക്രോസില്‍ ഓഫ് ആയി. സ്റ്റാര്‍ട്ട് ആക്കാന്‍ അറിയാതെ വന്നതോടെ കുട്ടി നാട്ടുകാരുടെ സഹായം തേടി. സംശയം തോന്നിയ നാട്ടുകാര്‍ കുട്ടിയെ തടഞ്ഞുവച്ചു.

പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് ആംബുലന്‍സ് കാണാതെ വന്നതോടെ ജീവനക്കാര്‍ ജിപിഎസ് സംവിധാനം വഴി ആംബുലന്‍സ് ഒല്ലൂര്‍ ഭാഗത്തേക്ക് പോവുന്നത് മനസ്സിലാക്കി സമീപത്തുണ്ടായിരുന്ന മറ്റൊരു 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് സന്ദേശം കൈമാറുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തിയപ്പോള്‍ ലെവല്‍ ക്രോസ്സില്‍ ഓഫായ ആംബുലന്‍സ് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പിടികൂടി പോലിസിന് കൈമാറി. ആംബുലന്‍സില്‍ താക്കോല്‍ വച്ചശേഷം ശുചിമുറിയില്‍ പോയതാണെന്നാണ് ഡ്രൈവറുടെ വാദം.

എന്നാല്‍, ഇത് അധികൃതര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. ആംബുലന്‍സ് ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി. സുരക്ഷാവീഴ്ചയുണ്ടായോയെന്ന് ആശുപത്രി സര്‍വീസ് കോര്‍പറേഷന്‍ അന്വേഷണം നടത്തുന്നുണ്ട്. തൃശൂര്‍ ഈസ്റ്റ് പോലിസിനും ആശുപത്രി അധികൃതര്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഡ്രൈവറും തൃശൂര്‍ ഈസ്റ്റ് പോലിസില്‍ പരാതി നല്‍കി. 108 ആംബുലന്‍സ് നടത്തിപ്പ് ചുമതലയുള്ള ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമൊന്നുമുണ്ടാവാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നാണ് അധികൃതരുടെ പ്രതികരണം. സംഭവസമയം ആംബുലന്‍സ് 50 കിലോമീറ്ററില്‍ താഴെ വേഗതയിലാണ് പോയിരുന്നതെന്നാണ് വിവരം.

Tags:    

Similar News