കര്‍ഷകരുടെ പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി; തെലങ്കാനയില്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചു

Update: 2022-05-31 12:07 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരായ കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. വാറങ്കല്‍ നഗരത്തിന് ചുറ്റുമുള്ള 28 വില്ലേജുകളില്‍ ഭൂമി ഏറ്റെടുക്കാനുള്ള നിര്‍ദേശത്തിനെതിരേയാണ് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയത്. ഇതോടെ തെലങ്കാന വാറങ്കലില്‍ ഔട്ടര്‍ റിങ് റോഡ് (ഒആര്‍ആര്‍) വികസിപ്പിക്കുന്നതിനുള്ള ലാന്‍ഡ് പൂളിങ് നടപടികള്‍ തെലങ്കാന സര്‍ക്കാര്‍ റദ്ദാക്കി. തിങ്കളാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്.

ലാന്‍ഡ് പൂളിങ്ങിന് ഭൂവുടമകളുടെ സമ്മതം തേടി ഏപ്രില്‍ 30ന് പുറപ്പെടുവിച്ച വിജ്ഞാപനം ഉടന്‍ പിന്‍വലിക്കാന്‍ കാകതീയ അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (കെയുഡിഎ) സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് നഗരവികസന സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി അരവിന്ദ് കുമാര്‍ പറഞ്ഞു. 41 കിലോമീറ്റര്‍ ദൂരത്തില്‍ ഔട്ടര്‍ റിങ് റോഡ് വികസിപ്പിക്കാന്‍ നിര്‍ദേശിച്ച കാകതീയ അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി ഇതിനായി ലാന്‍ഡ് പൂളിങ് പ്രക്രിയയിലൂടെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ഹന്‍മക്കൊണ്ട, വാറങ്കല്‍, ജങ്കാവ് എന്നിങ്ങനെ മൂന്ന് ജില്ലകളിലെ 28 വില്ലേജുകളില്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.

എന്നാല്‍, വിജ്ഞാപനത്തിനെതിരേ കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചു. ഭൂമി ഏറ്റെടുക്കലിനെതിരേ പോരാടാന്‍ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി (ജെഎസി)യും രൂപീകരിച്ചു. കഴിഞ്ഞയാഴ്ച അവര്‍ വാറങ്കല്‍- ഹൈദരാബാദ് ഹൈവേ റോഡ് ഉപരോധിച്ച് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. പ്രതിഷേധത്തിന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒആര്‍ആറിനായി 28 വില്ലേജുകളിലായി 21,510 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് കെയുഡിഎ നിര്‍ദേശിച്ചത്.

കര്‍ഷകരുടെ എതിര്‍പ്പ് കണക്കിലെടുത്ത് നടപടികള്‍ മാറ്റിവച്ചതായി കെയുഡിഎ അറിയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി സര്‍ക്കാര്‍ നീക്കം ഒഴിവാക്കുന്നതുവരെ സമരം തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കുകയും ചെയ്തു. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) വാര്‍ധന്നപേട്ടില്‍ നിന്നുള്ള എംഎല്‍എ അരൂരി രമേശ്, മുനിസിപ്പല്‍ ഭരണ, നഗരവികസന മന്ത്രി കെ ടി രാമറാവു കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്തു.

Tags:    

Similar News