പെന്‍സില്‍വാനിയയില്‍ കനത്ത മഞ്ഞുവീഴ്ച; വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ചു, മൂന്ന് മരണം (വീഡിയോ)

മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വാഹനങ്ങള്‍ തെന്നിനീങ്ങിയും കാഴ്ച മറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ടുമാണ് ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ 20ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Update: 2022-03-29 06:44 GMT

ഹാരിസ്ബര്‍ഗ്: അമേരിക്കന്‍ സംസ്ഥാനമായ പെന്‍സില്‍വാനിയയില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ ജനം വലയുന്നു. റോഡുകളിലെങ്ങും മഞ്ഞ് കൂമ്പാരങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മഞ്ഞുവീഴ്ച വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. ഇതെത്തുടര്‍ന്ന് അപകടങ്ങളും വര്‍ധിച്ചിട്ടുണ്ട്. പെന്‍സില്‍വാനിയയിലെ ഷുയ്കില്‍ കൗണ്ടിയില്‍ അന്തര്‍സംസ്ഥാന പാത 81 ല്‍ തിങ്കളാഴ്ചയുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വാഹനങ്ങള്‍ തെന്നിനീങ്ങിയും കാഴ്ച മറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ടുമാണ് ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ 20ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് ചില വാഹനങ്ങള്‍ക്ക് തീപ്പിടിച്ചു.

ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഇതോടെ പാത താല്‍ക്കാലികമായി അടച്ചു. അലന്‍ടൗണിന് 55 മൈല്‍ തെക്ക് ഫോസ്റ്റര്‍ ടൗണ്‍ഷിപ്പിന് പുറത്ത് റോഡില്‍ മഞ്ഞുവീഴ്ച മൂലം അന്തരീക്ഷ താപനില പൂജ്യത്തിലേക്ക് ആയെന്നും തണുത്തുറഞ്ഞ പാതയില്‍ രാവിലെ 10:30 ഓടെയാണ് അപകടം സംഭവിച്ചതെന്നും എമര്‍ജന്‍സി മാനേജ്‌മെന്റിന്റെ ഷുയ്കില്‍ കൗണ്ടി ഓഫിസ് അറിയിച്ചു. അനേകം വാഹനങ്ങളാണ് റോഡില്‍ കൂട്ടിയിടിച്ച നിലയില്‍ കാണപ്പെട്ടതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു.


തിങ്കളാഴ്ച ഉച്ച മുതല്‍ ട്രക്കുകള്‍, ട്രാക്ടര്‍ട്രെയിലറുകള്‍, കാറുകള്‍ എന്നിവയുള്‍പ്പെടെ 50 മുതല്‍ 60 വരെ വാഹനങ്ങള്‍ മഞ്ഞില്‍ കുടുങ്ങിയിട്ടുണ്ടെന്നും സംഭവസ്ഥലത്ത് തീ ആളിപ്പടരുന്നതായും പെന്‍സില്‍വാനിയ പോലിസ് ട്വിറ്ററില്‍ അറിയിച്ചു. എന്നാല്‍, മരണവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മഞ്ഞുമൂടിയ റോഡില്‍ നിയന്ത്രണം വിട്ട് വാഹനങ്ങള്‍ ഇടിച്ചുകയറുന്നത് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണാം. ഒരു വീഡിയോയില്‍ നിയന്ത്രണം വിട്ട ട്രാക്ടര്‍ ഒരു വലിയ ഡംപ് ട്രക്കില്‍ ഇടിച്ചു. അത് 180 ഡിഗ്രിയോളം തിരിഞ്ഞു.

മറ്റൊരു വലിയ ട്രക്കിന് തീപ്പിടിക്കുകയും കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയരുന്നതും ദൃശ്യങ്ങളിലുണ്ട്. ഹൈവേയില്‍ നിരവധി മൈലുകളോളം ഗതാഗതം സ്തംഭിച്ചു. ഇത് അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്തുന്നതിന് തടസ്സമായി. അപകടത്തില്‍ പരിക്കേറ്റവരെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷുയ്കില്‍ കൗണ്ടിയില്‍ ഒരുമാസത്തിനിടെ ഇത് രണ്ടാമത്തെ വലിയ അപകടമാണെന്ന് അധികൃതര്‍ പറഞ്ഞു.

Tags:    

Similar News