തബ്‌ലീഗ് നേതാവ് സഅദ് മൗലാനയ്ക്കു കൊറോണയില്ല; പരിശോധനാ ഫലം നെഗറ്റീവ്
ഇദ്ദേഹം തിങ്കളാഴ്ച ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്
ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍കസ് മേധാവിയും തബ്‌ലീഗ് ജമാഅത്ത് നേതാവുമായ സഅദ് മൗലാനയുടെ കൊറോണ പരിശോധനാ ഫലം പുറത്തുവന്നു. സഅദ് മൗലാനയ്ക്കു കൊറോണ ബാധയില്ലെന്നാണു റിപോര്‍ട്ട്. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. മൗലാനയുടെ അഭിഭാഷകനാണ് വിവരം പുറത്തുവിട്ടത്. നേരത്തേ, നിസാമുദ്ദീന്‍ മര്‍കസ് മേധാവിയെ കൊവിഡ് പരിശോധനക്കു വിധേയമാക്കണമെന്ന് ഡല്‍ഹി ക്രൈം ബ്രാഞ്ച് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ താന്‍ കൊവിഡ് പരിശോധനക്കു വിധേയമായെന്നും ഫലം കാത്തിരിക്കുകയാണെന്നും സഅദ് മൗലാന വ്യക്തമാക്കിയിരുന്നു. ഇദ്ദേഹം തിങ്കളാഴ്ച ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.
നേരത്തേ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസില്‍ തബ്‌ലീഗ് ജമാഅത്തിന്റെ മതചടങ്ങ് നടത്തിയെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നു. നിസാമുദ്ദീന്‍ സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ പരാതിയില്‍ സഅദ് മൗലാന ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേയാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.