ബഫര്‍ സോണില്‍ താമരശ്ശേരി രൂപത സമരത്തിലേക്ക്; കോഴിക്കോട്ടെ മലയോര മേഖലകളില്‍ ഇന്ന് മുതല്‍ ജനജാഗ്രതാ യാത്ര
കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്ന് മുതല്‍ പ്രത്യക്ഷ സമരവുമായി താമരശ്ശേരി രൂപത. കര്‍ഷകരോട് സ്‌നേഹമില്ലാതെ, അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കാതെ, മലയോരങ്ങളില്‍ താമസിക്കുന്നവരെ ഉള്‍കൊള്ളാതെ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പ് നല്‍കാനാവില്ലെന്നും വിഷയത്തില്‍ ജനങ്ങളെ അണിനിരത്തി കൂരാച്ചുണ്ടില്‍ നിന്ന് സമരം ആരംഭിക്കുമെന്നും താമരശ്ശേരി രൂപത പ്രഖ്യാപിച്ചു. രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി, ഇന്ന് കോഴിക്കോട്ടെ മലയോര മേഖലകളില്‍ പ്രതിഷേധം നടത്തും.
ബഫര്‍സോണ്‍ വിഷയം നിലനില്‍ക്കുന്ന പൂഴിത്തോട്, കക്കയം എന്നിവിടങ്ങളില്‍ നിന്ന് ഉച്ചയോടെ ജനജാഗ്രതാ യാത്ര തുടങ്ങും. വൈകീട്ട് അഞ്ച് മണിയോടെ കൂരാച്ചുണ്ടില്‍ പ്രതിഷേധ യോഗം ചേരും. ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ ഉള്‍പ്പെടെയുളവര്‍ പങ്കെടുക്കും. ബഫര്‍സോണ്‍ ആശങ്ക നിലനില്‍ക്കുന്ന വിവിധ മേഖലകളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ച് വിദഗ്ധസമിതിക്ക് കൈമാറാനും രൂപത തീരുമാനിച്ചു. കേരളാ കാത്തലിക് ബിഷപ്പ് കൗണ്‍സിലും (കെസിബിസി) വിവിധ കര്‍ഷക സംഘടനകളും നേതൃത്വം നല്‍കുന്ന പ്രക്ഷോഭപരമ്പരകളുടെ പ്രഖ്യാപനത്തിലേക്കുള്ള സൂചനയാണ് താമരശ്ശേരി രൂപതയുടെ സമരം.
വിഴിഞ്ഞം തുറമുഖ സമരത്തിന്റെ അലയൊലികള്‍ ഒതുങ്ങിവരുമ്പോഴാണ് മലയോരമേഖലയും സമരത്തിലേക്ക് കടക്കുന്നത്. കര്‍ഷകരുടെ കൃഷിഭൂമിയില്‍ കരുതല്‍ മേഖല നടപ്പാക്കാനുള്ള നീക്കത്തിനെതിരെയാണ് താമരശ്ശേരി രൂപത സമരത്തിന് ഒരുങ്ങുന്നത്. അശാസ്ത്രീയമായ ഉപഗ്രഹ സര്‍വേയിലൂടെ മലയോരജനതയെ അങ്കലാപ്പിലാക്കി സര്‍ക്കാര്‍ പുറത്തുവിട്ട കരുതല്‍മേഖല മാപ്പിങ് വളരെ അപാകത നിറഞ്ഞതാണെന്നാണ് കര്‍ഷക സംഘടനകളുടെയും അതിരൂപതയുടേയും വാദം. ഇക്കഴിഞ്ഞ 12ാം തിയ്യതി സര്‍ക്കാര്‍ പുറത്തിറക്കിയ മാപ്പ് നിരവധി അപകടം വരുത്തിവയ്ക്കുന്നതാണെന്ന് വി ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ ഉള്‍പ്പടെ പലരും ചൂണ്ടിക്കാണിക്കുന്നു.
മലയോരജനതയ്ക്ക് വളരെ പ്രതീക്ഷ നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഗ്രൗണ്ട് സര്‍വേക്കായി നിയോഗിച്ച ഒമ്പത് അംഗ കമ്മിറ്റി ഗ്രൗണ്ട് സര്‍വേ നടത്താതെ ഉപഗ്രഹ സര്‍വേയെ മാത്രം ആശ്രയിച്ചപ്പോള്‍ ഇതില്‍ ഉള്‍പ്പെടേണ്ട വീടുകളും കെട്ടിടങ്ങളും മറ്റു നിര്‍മിതികളും വളരെ കുറച്ചുമാത്രമാണ് ഉള്‍പ്പെട്ടതെന്നും ഇവര്‍ അവകാശപ്പെടുന്നു. കെട്ടിടങ്ങളെയും വീടുകളെയും സ്ഥാപനങ്ങളെയുമൊക്കെ സംബന്ധിച്ച കണക്കുകള്‍ വില്ലേജിലും പഞ്ചായത്തിലും കിട്ടാനുള്ള സ്ഥിതിക്ക് ഉപഗ്രഹ സര്‍വേ മാത്രം നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് കേരള കര്‍ഷക അതിജീവന സംയുക്ത സമിതി, ഇന്‍ഫാം എന്നിവയുടെ ഭാരവാഹിയായ ഫാ. ജോസ് പെന്നാപറമ്പിലും വിശദീകരിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്നും നടപടിയുണ്ടായില്ലെന്നും താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിഞ്ചിയോസ് ഇഞ്ചനാനിയലും പറഞ്ഞു.
'സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഉപഗ്രഹ സര്‍വേ റിപോര്‍ട്ടില്‍ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ ഭൂരിഭാഗവും പുതുപ്പാടിയിലെ രണ്ട് സര്‍വേ നമ്പറിലെ ഭൂമിയും കരുതല്‍ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഈ മേഖലയിലെ ജനവാസയിടങ്ങളും വീടുകളുടെയും കൃത്യമായ വിവരണങ്ങള്‍ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൃഷിഭൂമിയിലും ജനവാസമേഖലയിലും കരുതല്‍മേഖല നടപ്പാക്കാന്‍ അനുവദിക്കില്ല. വനമേഖല മാത്രം കരുതല്‍മേഖലയില്‍ ഉള്‍പ്പെടുത്തണം'- സമരക്കാര്‍ വിശദീകരിക്കുന്നു.
വന്യജീവി സങ്കേതങ്ങള്‍ക്കും നാഷനല്‍ പാര്‍ക്കുകള്‍ക്ക് ചുറ്റും ഒരു കിമി ദൂരം കരുതല്‍മേഖല നിര്‍ബന്ധിതമാക്കണമെന്ന് 2022 ജൂണ്‍ മൂന്നാം തിയ്യതി സുപ്രിംകോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനാവശ്യമായ കരുതല്‍മേഖല സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കാനും ആവശ്യമായ നടപടികളും ഭേദഗതികളും നിര്‍ദേശിക്കാനും സുപ്രിംകോടതി ഉത്തരവില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം കരുതല്‍മേഖല നിര്‍ണയിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഉപഗ്രഹ സര്‍വേ റിപോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. ഇതാണ് മലയോരമേഖലയിലെ കര്‍ഷക സംഘടനകളുടെയും കെസിബിസിയുടെയും പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രസിദ്ധീകരിച്ചിരിക്കുന്ന ഉപഗ്രഹ മാപ്പ് എത്രയും പെട്ടെന്ന് പിന്‍വലിച്ച് സുപ്രിംകോടതി നിര്‍ദേശപ്രകാരം, ലഭിച്ചിരിക്കുന്ന സമയം പ്രയോജനപ്പെടുത്തി വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു.