കൊല്ലം: ഓയൂരില്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പിതാവ്. ഒരു പോറല്‍ പോലും ഏല്‍ക്കാതെ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ആരെയും മാറ്റിനിര്‍ത്താനില്ലെന്നും ആറ് വയസ്സുകാരിയുടെ പിതാവ് റെജി പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി എല്ലാവരും കൂടെനിന്നു. കേരളത്തിലെ മുഴുവന്‍ സംവിധാനങ്ങളും എന്റെ കുഞ്ഞിനുവേണ്ടി ചലിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവുമെല്ലാം നേരിട്ട് വിളിച്ചു. മാധ്യമങ്ങളും തുടക്കംമുതല്‍ കൂടെനിന്നു. പോലിസ് തുടക്കംമുല്‍തന്നെ ധൈര്യം തന്ന് കൂടെനിന്നു. ഇന്ന് ഉച്ചയായപ്പോഴേക്കും ഞാന്‍ തളര്‍ന്നുപോയി. ഇനിയൊരു പ്രതീക്ഷയില്ലെന്ന് വിചാരിച്ചു. എന്നാല്‍ അപ്പോഴും പോലിസ് ധൈര്യം പകര്‍ന്നു. എല്ലാവര്‍ക്കും നന്ദി. ആരെക്കുറിച്ചും സംശയമില്ല. പക്ഷേ, ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും റെജി പറഞ്ഞു. ഇന്നലെ വൈകീട്ട് കാണാതായ കുട്ടിയെ ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലല്‍ നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലിസിനെ വിവരം അറിയിച്ചു. എന്നാല്‍, പ്രതികളെ കണ്ടെത്താന്‍ പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
അതിനിടെ, ആറ് വയസുകാരി അബിഗേല്‍ ഇന്നലെ രാത്രി ഒരു വീട്ടിലാണ് താമസിച്ചതെന്ന് പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. കുട്ടിയെ ഉപദ്രവിച്ചിട്ടില്ല. ഭക്ഷണം കൃത്യസമയത്ത് നല്‍കി. ആരാണെന്ന് കുട്ടിക്ക് അറിയില്ല. ഇന്ന് രാവിലെയാണ് കാറില്‍ കയറിയതെന്നും കുട്ടി പറഞ്ഞു. ആറു വയസ്സുകാരിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട സ്ത്രീക്ക് 35 വയസ് പ്രായം തോന്നിക്കുമെന്നും ചുരിദാറായിരുന്നു വേഷമെന്നും ദൃക്‌സാക്ഷി പറഞ്ഞു. തട്ടിക്കൊണ്ടുപോവലിന് പിന്നിലെ ഉദ്ദേശം നടപ്പാക്കാനാവാതെ വന്നതോടെ സംഘം കുട്ടിയെ ഉപേക്ഷിച്ചെന്നാണ് പോലിസ് നിഗമനം. കുട്ടിയുമായി ഓട്ടോറിക്ഷയിലാണ് സ്ത്രീ മൈതാനത്ത് എത്തിയത്. കുട്ടിയുടെ തലമറച്ചിരുന്നുവെന്ന് ഓട്ടോറിക്ഷക്കാരനും പറയുന്നു.