പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം: സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണം- ശശി തരൂര്‍ എംപി

വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതുവരെ പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത് തുടരും. 'സ്വാര്‍ഥമായ രാഷ്ട്രീയതാത്പര്യങ്ങള്‍ക്കു' വേണ്ടി വിവരങ്ങള്‍ ചോര്‍ത്താന്‍ പൊതുജനങ്ങളുടെ പണം സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Update: 2021-07-26 12:26 GMT

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളെക്കുറിച്ച് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണം നടത്തണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതുവരെ പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത് തുടരും. 'സ്വാര്‍ഥമായ രാഷ്ട്രീയതാത്പര്യങ്ങള്‍ക്കു' വേണ്ടി വിവരങ്ങള്‍ ചോര്‍ത്താന്‍ പൊതുജനങ്ങളുടെ പണം സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലോക്‌സഭാ നടപടികള്‍ തടസ്സപ്പെട്ടതിന് ശേഷം പാര്‍ലമെന്റ് വളപ്പില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തയ്യാറാവണമെന്നാണ് ഞങ്ങളുടെ ആവശ്യം.

എന്നാല്‍, സര്‍ക്കാര്‍ ഇതിന് തയ്യാറല്ല. ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിങ്ങള്‍ (സര്‍ക്കാര്‍) തയ്യാറല്ലെങ്കില്‍ നിങ്ങളുടെ നിയമസഭാ ബിസിനസ് നടപടികള്‍ തുടരാന്‍ ഞങ്ങള്‍ എന്തിന് അനുവദിക്കണം- തരൂര്‍ ചോദിച്ചു. വിലക്കയറ്റവും കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളും പ്രതിപക്ഷത്തിന് പ്രധാനപ്പെട്ടതാണെങ്കിലും പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. പെഗാസസ് വിഷയത്തില്‍ ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെ തരൂര്‍ വിമര്‍ശിച്ചു. പ്രതിപക്ഷത്തെ കേള്‍ക്കാതെ അദ്ദേഹം 'മന്‍ കി ബാത്' പങ്കുവച്ചതായി തരൂര്‍ കുറ്റപ്പെടുത്തി.

ഫോണ്‍ ചോര്‍ത്തല്‍ വിവാദം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കാര്യമാക്കേണ്ട വിഷയമൊന്നും അതിലില്ലെന്നുമാണ് ഐടി മന്ത്രി പറഞ്ഞത്. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) ആഭ്യന്തര വകുപ്പിലെ ഉള്‍പ്പടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. 32 അംഗ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ജൂലൈ 28ന് യോഗം ചേരും. ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 'പൗരന്‍മാരുടെ ഡാറ്റാ സുരക്ഷയും സ്വകാര്യതയും' എന്നതാണ് യോഗത്തിന്റെ അജണ്ട.

രണ്ട് മന്ത്രിമാര്‍, 40 ലധികം മാധ്യമപ്രവര്‍ത്തകര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, ഇന്ത്യയിലെ നിരവധി ബിസിനസുകാര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ 300 ഓളം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പെഗാസസ് ചോര്‍ത്തിയെന്നാണ് കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര മാധ്യമം റിപോര്‍ട്ട് ചെയ്തത്. അതേസമയം, ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണ്.

Tags:    

Similar News