പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് നടി മരിച്ചു
ഡോക്ടര്‍മാരുടെ ചികിത്സാപിഴവാണ് മകളുടെ മരണത്തിന് കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
ബംഗളൂരു: പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് കന്നഡ നടി ചേതന രാജ് മരിച്ചു. തടി കുറയ്ക്കാനുള്ള സര്‍ജറിക്ക് പിന്നാലെ ശ്വാസകോശത്തില്‍ വെള്ളം കെട്ടിയതിനെ തുടര്‍ന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. ഡോക്ടര്‍മാരുടെ ചികിത്സാപിഴവാണ് മകളുടെ മരണത്തിന് കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
മെയ് 16നാണ് നടിയെ വണ്ണം കുറയ്ക്കുന്നതിനുള്ള പ്ലാസ്റ്റിക് സര്‍ജറിക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോപ്പിന്റെ പരസ്യങ്ങളിലെ അഭിനയത്തിലൂടെയാണ് ഇവര്‍ പ്രശസ്തയായത്. ബംഗളൂരു രാജാജിനഗറിലെ ഷെട്ടീസ് കോസ്‌മെറ്റിക് സെന്ററിലാണ് നടി ചികിത്സ തേടിയത്.
എന്നാല്‍, ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വൈകീട്ടോടെ നടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ നടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്വാസകോശത്തില്‍ വെള്ളം കെട്ടിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.