സിംഹക്കൂട്ടിലേക്ക് ചാടാനൊരുങ്ങി യുവാവിന്റെ സാഹസികത
മൃഗശാല സന്ദര്‍ശിക്കാനെത്തിയ യുവാവ് സിംഹക്കൂട്ടിനടുത്തെത്തിയപ്പോള്‍ കൂടിന്റെ മുകളിലെ പാറക്കല്ലില്‍ കയറി താഴേക്ക് ചാടാനൊരുങ്ങുകയായിരുന്നു
ഹൈദാരാബാദ്: മൃഗശാലയിലെ സിംഹക്കൂട്ടില്‍ യുവാവിന്റെ സാഹസികത. ഹൈദരാബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് കാഴ്ച്ചക്കാരെ ഞെട്ടിച്ച സംഭവം. യുവാവിനെ പിടികൂടിയ മൃഗശാല അധികൃതര്‍ പോലിസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കെതിരെ അധികൃതര്‍ പോലിസില്‍ പരാതിയും നല്‍കി. ജി സായികുമാര്‍ എന്ന യുവാവാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് സിംഹക്കൂടിന് മുകളില്‍ കയറി താഴേക്ക് ചാടാന്‍ ഒരുങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മൃഗശാല സന്ദര്‍ശിക്കാനെത്തിയ യുവാവ് സിംഹക്കൂട്ടിനടുത്തെത്തിയപ്പോള്‍ കൂടിന്റെ മുകളിലെ പാറക്കല്ലില്‍ കയറി താഴേക്ക് ചാടാനൊരുങ്ങുകയായിരുന്നു. പിന്നാലെ എത്തിയവര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവാവ് പാറക്കല്ലില്‍ കയറിയിരിക്കുന്നത് കണ്ട സിംഹം ഇയാളുടെ നേരെ ചാടി നോക്കുന്നുണ്ട്. യുവാവ് ആഫ്രിക്കന്‍ സിംഹത്തിന്റെ കൂട്ടിലേക്കാണു ചാടാന്‍ ശ്രമിച്ചതെന്നു നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. യുവാവിനെ ബഹദുര്‍പുര പോലിസിന് കൈമാറിയെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു.