വഖ്ഫ് ബോര്‍ഡിലെ അമുസ്‌ലിം നിയമനം അറിഞ്ഞില്ല; പരിശോധിച്ച് പ്രതികരിക്കാമെന്നും മന്ത്രി വി അബ്ദുറഹ്മാന്‍
നേരത്തെയും സമാനമായ തരത്തില്‍ താല്‍ക്കാലിക നിയമനം നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡ് സിഇഒയുടെ സ്റ്റാഫിന്റെ താല്‍ക്കാലിക നിയമനമാണ് വിവാദമായത്.
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് മുസ്‌ലിം ഇതര വിഭാഗത്തില്‍ നിന്നുള്ള താല്‍ക്കാലിക നിയമനം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ഇക്കാര്യം പരിശോധിച്ചിട്ട് പ്രതികരിക്കാമെന്നും നേരത്തെയും സമാനമായ തരത്തില്‍ താല്‍ക്കാലിക നിയമനം നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡ് സിഇഒയുടെ സ്റ്റാഫിന്റെ താല്‍ക്കാലിക നിയമനമാണ് വിവാദമായത്.
ഇന്നലെയാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടത് പുനരാലോചിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പ് നിലനില്‍ക്കെ താത്കാലിക ജോലിയില്‍ ഇതര സമുദായ അംഗത്തെ നിയമിച്ചതാണ് വിവാദത്തിലായത്. പുതിയ സിഇഒ വി എ സക്കീര്‍ ഹുസൈന്റെ ഡ്രൈവര്‍ കം പേഴ്‌സണല്‍ അറ്റന്ററായി ഇതര സമുദായ അംഗത്തെ താത്കാലികമായി നിയമിച്ച കാര്യം പരിശോധിക്കാമെന്നാണ് മന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ നല്‍കിയ ഉറപ്പ് ലംഘിച്ച് വഖഫ് ബോര്‍ഡില്‍ ഇതര മതസ്ഥരെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ മുസ്‌ലിം സംഘടനകള്‍ രംഗത്ത് വന്നിരുന്നു.