തീര്‍ഥപാദ മണ്ഡപവും പാത്രക്കുളവും സര്‍ക്കാര്‍ ഏറ്റെടുത്തു; സംഘര്‍ഷാവസ്ഥ

പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരെത്തിയത് സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റുചെയ്ത് നീക്കിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Update: 2020-03-01 01:28 GMT

തിരുവനന്തപുരം: കോട്ടയ്ക്കുള്ളിലെ തീര്‍ഥപാദ മണ്ഡപവും പാത്രക്കുളവും ഉള്‍പ്പെടുന്ന 65 സെന്റ് ഭൂമിയും സര്‍ക്കാര്‍ വീണ്ടും ഏറ്റെടുത്തു. ശനിയാഴ്ച രാത്രി എട്ടോടെ എഡിഎമ്മിന്റെ നേതൃത്വത്തിലെത്തിയ റവന്യൂ ഉദ്യോഗസ്ഥരാണ് മണ്ഡപം ഏറ്റെടുത്തത്. ഭൂമി കൈമാറിയ നടപടി റദ്ദാക്കിയുള്ള റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പൂട്ട് തകര്‍ത്ത് അകത്തുകടന്നത്. തുടര്‍ന്ന് വസ്തുക്കള്‍ തിട്ടപ്പെടുത്തി മഹസര്‍ തയ്യാറാക്കി. ട്രസ്റ്റിന്റെ ബോര്‍ഡുകളും പൊളിച്ചുനീക്കിയിട്ടുണ്ട്. ഇതിനിടെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരെത്തിയത് സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റുചെയ്ത് നീക്കിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

    വിവരമറിഞ്ഞ് ഒ രാജഗോപാല്‍ എംഎല്‍എയും പ്രതിഷേധവുമായി സ്ഥലത്തെത്തി. നടപടി ഹൈന്ദവാചാരങ്ങള്‍ക്കെതിരായ അതിക്രമമാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബറിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് റവന്യൂ സെക്രട്ടറി വീണ്ടും സഭയുടെ വാദം കേട്ടതെന്നും എന്നാല്‍, ഭൂമിയുടെ അവകാശം തെളിയിക്കാന്‍ ശ്രീവിദ്യാധിരാജ സഭയ്ക്കു കഴിഞ്ഞിട്ടില്ലെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി വേണുവിന്റെ ഉത്തരവില്‍ പറയുന്നു. പാത്രക്കുളം സഭയ്ക്ക് അനുവദിച്ച ഉത്തരവ് റദ്ദാക്കി 2007ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് തീര്‍ഥപാദ മണ്ഡപവും പാത്രക്കുളവും ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനെതിരേ സഭ ഹൈക്കോടതിയെ സമീപിച്ചതിലാണ് ഇപ്പോള്‍ തുടര്‍നടപടിയുണ്ടായത്.




Tags:    

Similar News