ചോദ്യം ചെയ്യല്‍ നാലു മണിക്കൂറോളം നീണ്ടു; മോന്‍സന്റെ വീട്ടില്‍പോയത് നൃത്തപരിപാടിക്കെന്ന് ശ്രുതി ലക്ഷ്മി
മോന്‍സണുമായി യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ലെന്ന് ഇഡിയെ അറിയിച്ചതായും അവര്‍ പറഞ്ഞു. മോന്‍സണ്‍ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു.
കൊച്ചി: ഒരു കലാകാരിയെന്ന നിലയിലുള്ള ബന്ധം മാത്രമേ പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ഉള്ളുവെന്ന് നടി ശ്രുതി ലക്ഷ്മി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന അവര്‍ മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.
മോന്‍സണുമായി യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ലെന്ന് ഇഡിയെ അറിയിച്ചതായും അവര്‍ പറഞ്ഞു. മോന്‍സണ്‍ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു.
അയാളുമായുള്ള ബന്ധം കലാകാരിയെന്ന നിലയിലാണ്. കോര്‍ഡിനേറ്റര്‍ വഴി ബന്ധപ്പെട്ട്, പിന്നീട് മോന്‍സണ്‍ന്റെ സ്റ്റാഫ് വഴി വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയായിരുന്നു. കൊറോണ കാലത്തിന് തൊട്ടു മുമ്പ് വരെ ബുക്ക് ചെയ്ത പരിപാടികള്‍ പിന്നീട് കൊറോണയെത്തുടര്‍ന്ന് മാറ്റിവെക്കേണ്ടി വന്നു. ഈ സമയത്താണ് മോന്‍സണ്‍ന്റെ വീട്ടില്‍ നൃത്ത പരിപാടിക്ക് പോയതെന്ന് നടി ശ്രുതി ലക്ഷ്മി ഇഡിയോട് പറഞ്ഞു.
മോന്‍സണ്‍ന്റെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള തെറ്റായ സമീപനമോ പെരുമാറ്റമോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അയാളില്‍ സംശയം തോന്നിയിരുന്നില്ല. മാധ്യമ വാര്‍ത്തകളിലൂടെയാണ് അയാളുടെ തട്ടിപ്പുകള്‍ സംബന്ധിച്ച വിവരം അറിഞ്ഞതെന്നും ശ്രുതി ലക്ഷ്മി അവകാശപ്പെട്ടു. ശ്രുതിലക്ഷ്മിയെ ഇഡി നാല് മണിക്കൂറോളം ചോദ്യം ചെയ്തു.