രാജ്യത്ത് പൊതുമേഖലയില്‍ ആദ്യമായി തുടങ്ങിയ ചക്ക സംസ്‌കരണ ഫാക്ടറി താല്‍ക്കാലികമായി പൂട്ടി

ഫാക്ടറിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ പരാജയപ്പെട്ടതോടെയാണ് സ്ഥാപനം പൂട്ടേണ്ടിവന്നത്.

Update: 2022-04-09 16:02 GMT

മാള: രാജ്യത്ത് പൊതുമേഖലയില്‍ ആദ്യമായി തുടങ്ങിയ ചക്ക സംസ്‌കരണ ഫാക്ടറി താല്‍ക്കാലികമായി പൂട്ടി. ഫാക്ടറിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ പരാജയപ്പെട്ടതോടെയാണ് സ്ഥാപനം പൂട്ടേണ്ടിവന്നത്. പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ പൂപ്പത്തിയിലാണ് ചക്ക സംസ്‌കരണ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നു അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാജീവനക്കാര്‍ മാത്രമേ ഇപ്പോഴുള്ളൂ. മാര്‍ച്ച് 31ന് കൃഷിമന്ത്രിയുടെ ചേംബറില്‍ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലെ ചര്‍ച്ചകളുടെയും ഏപ്രില്‍ രണ്ടിന് ആര്‍കെവിവൈ ഉദ്യോഗസ്ഥരുടെ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് അടച്ചിടാന്‍ തീരുമാനിച്ചത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ഇനി ഫാക്ടറി എന്ന് തുറക്കാന്‍ കഴിയുമെന്ന് നിശ്ചയമിലാത്ത അവസ്ഥയിലാണ്. സര്‍ക്കാര്‍ നേരിട്ട് പണം മുടക്കാതെ ബാങ്കില്‍നിന്ന് വായ്പയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. പൂര്‍ണതോതില്‍ ഫാക്ടറി പ്രവര്‍ത്തന സജ്ജമാക്കുന്നതിന് പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി വിദഗ്ദ സംഘത്തെ നിയോഗിക്കുമെന്നായിരുന്നു ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ വകുപ്പുമന്ത്രി പറഞ്ഞത്.

മാര്‍ച്ച് 24ന് മന്ത്രി പി പ്രസാദ് ഫാക്ടറി സന്ദര്‍ശിച്ച ശേഷം ഒരു മാസത്തിനകം എല്ലാ നടപടികളും പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആദ്യമെത്തിയ സംഘം കണ്ടെത്തിയത് ഇല്ലായ്മകളുടെ നീണ്ട നിരയായിരുന്നു. ഒരു മാസം മുമ്പ് തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ പകുതിയായി വെട്ടിക്കുറച്ചാണ് ഉത്തരവിറങ്ങിയതെങ്കില്‍ ഇപ്പോള്‍ അടച്ചിടാനുള്ള തീരുമാനമാണ് ഉണ്ടായിട്ടുള്ളത്. പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനത്തിന് ഫാക്ടറിക്ക് ഇനി ആവശ്യം 500 കിലോഗ്രാം ശേഷിയുള്ള ഡ്രയര്‍ (ഇപ്പോഴുള്ളത് 20 കിലോഗ്രാം). ബോയ്‌ലറില്‍നിന്നുള്ള ചൂട് നിയന്ത്രണ സംവിധാനം, വര്‍ക്ക് ഏരിയ, സ്‌റ്റോറേജ് സൗകര്യം, വൈദ്യുതി പോയാലും പ്രവര്‍ത്തിക്കാനായുള്ള സംവിധാനം എന്നിവയാണ്.

2021-22 വര്‍ഷത്തില്‍ ഉത്പാദനത്തിനായി ചക്കയെടുത്തതിന് ചെലവ് 1,21,783 രൂപയാണ്. വരവ്: 1,09,236 രൂപ. ഉത്പന്നം സ്‌റ്റോക്കുള്ളത് 33,600 രൂപയുടേത്. 2020-21 വര്‍ഷത്തില്‍ അഞ്ച് ടണ്‍ ചക്ക സംഭരിച്ചു. 1,46,008 രൂപ ചെലവ് വരവ് 3,00,631. ഒരു വര്‍ഷം ശരാശരി ഒന്നര ലക്ഷം രൂപ വരെ വിറ്റ് വരവില്‍ നിന്നും ലഭിക്കുമ്പോള്‍ ജീവനക്കാരുടെ ശമ്പളമായി നല്‍കേണ്ടിവരുന്നത് 12 ലക്ഷത്തോളം രൂപയാണ്. ചക്ക കൂടാതെ മറ്റ് കാര്‍ഷിക ഉത്പ്പനങ്ങളായ പൈനാപ്പിള്‍, കശുമാങ്ങ, മാങ്ങ തുടങ്ങിയവയില്‍ നിന്നും മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ഉത്പ്പാദിപ്പിക്കാനും അത് നാട്ടിലും മറുനാടുകളിലും വിതരണം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനാവശ്യമായ സാമ്പത്തികം കണ്ടെത്താന്‍ ബാങ്കുകളുമായി ബന്ധപ്പെടും. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് തുക ലഭ്യമാക്കാനും ആലോചന നടക്കുന്നുണ്ട് എന്നെല്ലാം പറഞ്ഞ് ഒരുമാസമെത്തും മുന്‍പാണീ അടച്ചു പൂട്ടല്‍. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തും എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തും ആഘോഷപൂര്‍വ്വമായ ഉദ്ഘാടനം കഴിഞ്ഞ് ആവശ്യമായ മുതല്‍ മുടക്കോ മെഷിനറികളോ ഇല്ലാതെ ഏതാനും കരാര്‍ തൊഴിലാളികളുമായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കയായിരുന്നു ചക്ക ഫാക്ടറി. ചക്കഹല്‍വ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്കപപ്പടം, ചക്ക കൊണ്ടാട്ടം, ചക്ക പായസം, ചക്കമടല്‍ അച്ചാര്‍, സ്‌ക്വാഷ്, വിവിധതരം മിഠായികള്‍ എന്നിങ്ങനെ നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാനായാണ് ഫാക്ടറിയില്‍ ലക്ഷ്യമിട്ടിരുന്നത്. കൂടാതെ ചക്കക്കുരു ഉത്പനങ്ങളും ചക്കമടല്‍ ഉപയോഗിച്ചുള്ള കാലിത്തീറ്റയും വരെ ലക്ഷ്യമുണ്ടായിരുന്നു. തുടര്‍ന്ന് പൈനാപ്പിള്‍, മാങ്ങ, കശുമാങ്ങ തുടങ്ങിയ ഫലങ്ങളില്‍ നിന്നുമുള്ള ഉപോത്പന്നങ്ങളും ലക്ഷ്യമായിരുന്നു. അതെല്ലാം വാക്കുകള്‍ മാത്രമായി മാറുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം. എവിടേയോ നിന്നും കാലപ്പഴക്കം വന്ന മെഷിനറികളാണ് ഫാക്ടറിയില്‍ കൊണ്ട് വന്ന് സ്ഥാപിച്ചതെന്നും അതാണ് ഫാക്ടറിയുടെ ശനിദശക്ക് കാരണമെന്നുമാണ് നാട്ടുകാരുടെ ആരോപണം.

Tags:    

Similar News