ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയ ആളെ തിരിച്ചറിഞ്ഞെന്ന് പോലിസ്
പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയിലുള്ള ജുഗ്‌രാജ് സിങാണ് ചെങ്കോട്ടയിലെ കൊടിമരത്തില്‍ കയറി പതാക ഉയര്‍ത്തിയതെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ തുടങ്ങി.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ രംഗത്തുള്ള കര്‍ഷക സംഘടനകളുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയ സംഭവത്തില്‍ ഒരാളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലിസ്. പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയിലുള്ള ജുഗ്‌രാജ് സിങാണ് ചെങ്കോട്ടയിലെ കൊടിമരത്തില്‍ കയറി പതാക ഉയര്‍ത്തിയതെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ തുടങ്ങി.
ചെങ്കോട്ടയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ദീപ് സിദ്ദുവിനായും പോലിസ് തിരച്ചില്‍ തുടങ്ങി. ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് കര്‍ഷകര്‍ ഇരച്ചുകയറുന്നതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്.
ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇനിയും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലിസ് വ്യക്തമാക്കി. സംഘര്‍ഷത്തിനിടെ മരിച്ച ഉത്തരാഖണ്ഡ് സ്വദേശിയായ കര്‍ഷകന്‍ നവ്ദീപ് സിങ്ങിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
സംഘര്‍ഷത്തില്‍ റാലിയില്‍ പങ്കെടുത്ത 215 പേര്‍ക്കും 300 പോലിസുകാര്‍ക്കും പരിക്കേറ്റതായി ഡല്‍ഹി പോലിസ് വ്യക്തമാക്കി.