മീഡിയവണ്‍ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ കേന്ദ്രമന്ത്രിയെ കണ്ടു
ന്യൂഡല്‍ഹി: മീഡിയവണിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എംപിമാരുടെ സംഘം കേന്ദ്ര വാര്‍ത്ത വിതരണപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ കണ്ടു. കെ സുധാകരന്‍, എ എം ആരിഫ്, ഇ ടി മുഹമ്മദ് ബഷീര്‍, എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍, അബ്ദുസ്സമദ് സമദാനി, ടിഎന്‍ പ്രതാപന്‍, അടൂര്‍ പ്രകാശ്, ഡീന്‍ കുര്യാക്കോസ് , രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ അടങ്ങുന്ന എംപിമാരുടെ സംഘമാണ് കേന്ദ്ര മന്ത്രിയെ കണ്ടത്. ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് എംപിമാര്‍ നിവേദനം നല്‍കി. മീഡിയവണ്‍ വിലക്കിയത് കേന്ദ്രത്തിന്റെ ഏകപക്ഷീയ നടപടിയാണെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി. വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രി നേരിട്ടിടപെടണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.
മീഡിയാവണ്ണിനെതിരായ നടപടിക്കെതിരേ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഡല്‍ഹി വിജയ് ചൗക്കില്‍ വെച്ച് മാധ്യമങ്ങളെ കണ്ടു.
കെ സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, രമ്യാ ഹരിദാസ്, എം കെ രാഘവന്‍, അബ്ദു സമദ് സമദാനി, ആന്റോ ആന്റണി, എന്‍ കെ പ്രേമചന്ദ്രന്‍, ബിനോയ് വിശ്വം, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, ഇ ടി മുഹമ്മദ് ബഷീര്‍, വി കെ ശ്രീകണ്ഠന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബെഹ്നാന്‍, ഹൈബി ഈഡന്‍, എ എം ആരിഫ്, ഡീന്‍ കുര്യാക്കോസ്, ടി ജി ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.
മീഡിയവണിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാണ്. വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഏകാധിപത്യം വളരുന്നതിന്റെ സൂചനയാണെന്ന് സംസ്ഥാന തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു. കേന്ദ്ര നടപടിക്കെതിരെ ഗള്‍ഫ് രാജ്യങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്. പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് മീഡിയവണ്‍ നിരോധനത്തിനെതിരായ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധം സംഗമം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മീഡിയവണ്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ പി ടി നാസര്‍ എന്നിവര്‍ സംസാരിച്ചു.