അബ്ദുല്ലക്കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്

കയറ്റത്തില്‍ അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിറകിലുണ്ടായിരുന്ന ടോറസ് ലോറി ഇടിക്കുകയിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

Update: 2020-10-09 14:09 GMT

തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറില്‍ ടോറസ് ഇടിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കയറ്റത്തില്‍ അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിറകിലുണ്ടായിരുന്ന ടോറസ് ലോറി ഇടിക്കുകയിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച് അഡീഷണല്‍ എസ്‌ഐ ജയരാജന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഡിവൈഎസ്പി സാജു അബ്രഹാമിന് കൈമാറി. കയറ്റത്തില്‍ ഗതാഗത തടസ്സമുണ്ടായപ്പോള്‍ അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിന് മുന്നിലുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടു. അബ്ദുല്ലക്കുട്ടിയുടെ കാറും ബ്രേക്കിട്ട് നിര്‍ത്തി.

തൊട്ടു പിറകിലുണ്ടായിരുന്ന ടോറസിലെ ഡ്രൈവര്‍ക്ക് ബ്രേക്കിടാന്‍ സാധിച്ചില്ല. ഇത് കാറില്‍ ഇടിച്ചു. ഇടിയില്‍ തെന്നി മുന്നോട്ട് നീങ്ങിയ കാര്‍ മുന്നിലുള്ള കാറില്‍ ഇടിച്ച ശേഷം പിറകിലേക്ക് നീങ്ങി വീണ്ടും ടോറസില്‍ ഇടിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് ടോറസ് ഡ്രൈവര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് അപകടം. എറണാകുളത്ത് പാര്‍ട്ടി പരിപാടി കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെ അബ്ദുല്ലക്കുട്ടിയും സംഘവും പൊന്നാനി വെളിയങ്കോട് ചായകുടിക്കാന്‍ ഇറങ്ങിയിരുന്നു. കടയിലുണ്ടായ ചിലരുമായി അബ്ദുല്ലക്കുട്ടി രാഷ്ട്രീയ വാഗ്വാദമുണ്ടായി. ഇതുകഴിഞ്ഞ് കാറില്‍ യാത്ര തുടരുന്നതിനിടെയാണ് അപകടം. ചായക്കടയില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ബോധപൂര്‍വം കാറില്‍ ഇടിക്കുകയായിരുന്നുവെന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ആരോപണം.ഇത് ശരിയല്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ടോറസിലുള്ളവര്‍ക്ക് വെളിയങ്കോട് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുമായി ബന്ധമില്ല. തിരൂര്‍ ആലത്തിയൂരില്‍ റോഡ് പണി നടക്കുന്നിടത്തിടത്തേക്ക് വേങ്ങരയിലെ ക്വാറി മണ്ണുമായി വ്യാഴാഴ്ച വൈകീട്ട് 6.30നാണ് ടോറസുമായി പോയത്. മണ്ണടിച്ച ശേഷം പുത്തനത്താണി വഴി വേങ്ങരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഡ്രൈവര്‍ പഴമള്ളൂര്‍ സ്വദേശി മുഹമ്മദ് സുഹൈലും വണ്ടി ഉടമ ഊരകം സ്വദേശി മുഹമ്മദ് സബാന്റെ സഹോദരന്‍ മുഹമ്മദ് സജാദുമാണ് ടോറസില്‍ ഉണ്ടായിരുന്നത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വെളിയങ്കോട് ചായക്കടയില്‍ തര്‍ക്കമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് പൊന്നാനി പോലിസും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News