കോട്ടയത്ത് ഏഴ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നതായി സ്ഥിരീകരണം
നാട്ടുകാര്‍ സംഘടിച്ചെത്തിയപ്പോഴേക്കും നായ രക്ഷപ്പെട്ടു. പിന്നീട് നായയെ ചത്തനിലയില്‍ കണ്ടെത്തി.
പാമ്പാടി (കോട്ടയം): പാമ്പാടിയില്‍ നാട്ടുകാരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരണം. വീട്ടില്‍ കിടന്നുറങ്ങിയ കുട്ടിയെ ഉള്‍പ്പെടെ ഏഴ് പേരെയാണ് ഇന്നലെ തെരുവുനായ ആക്രമിച്ചത്.
വെള്ളൂര്‍ കാലായില്‍ രാജു (64), പാറയ്ക്കല്‍ നിഷ സുനില്‍ (43), പതിനെട്ടില്‍ സുമി വര്‍ഗീസ് (35), മകന്‍ ഐറിന്‍ (10), പാറയില്‍ സെബിന്‍ (12), കൊച്ചഴത്തില്‍ രതീഷ് (37), സനന്ദ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വെള്ളൂര്‍ കവലയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. നായ മുറ്റത്തുനിന്നവരെയും വീട്ടിനുള്ളിലിരുന്നവരെയും വഴിയെ നടന്നുപോയവരെയും കടിച്ചശേഷം ഓടിപ്പോയി. നാട്ടുകാര്‍ സംഘടിച്ചെത്തിയപ്പോഴേക്കും നായ രക്ഷപ്പെട്ടു. പിന്നീട് നായയെ ചത്തനിലയില്‍ കണ്ടെത്തി.
അതിനിടെ, പാറയ്ക്കല്‍ നിഷ സുനിലിനെ തെരുവുനായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വീട്ടുവളപ്പില്‍ കയറിയാണ് ഇവരെ തെരുവുനായ കടിച്ചത്. ഭര്‍ത്താവ് പുറത്തുപോയപ്പോള്‍ ഗേറ്റ് അടയ്ക്കാനായാണ് ഇവര്‍ പുറത്തെത്തിയത്. ഇതിനിടെയാണ് മുറ്റത്തേക്ക് പാഞ്ഞെത്തിയ തെരുവുനായ ആക്രമിച്ചത്. നായയെ ഇവര്‍ പ്രതിരോധിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നിഷയ്ക്ക് ആഴത്തില്‍ കടിയേറ്റിട്ടില്ലെങ്കിലും പലയിടത്തും പരിക്കുകളുണ്ട്.