അഫ്ഗാനില്‍ മയക്കുമരുന്ന് ഉല്‍പാദനം നിരോധിച്ച് താലിബാന്‍; ലംഘിച്ചാല്‍ കടുത്ത ശിക്ഷ

മയക്കുമരുന്ന് ഉല്‍പ്പാദനം ഈ നിമിഷം മുതല്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണെന്ന് താലിബാന്‍ നേതാവ് ഹൈബത്തുല്ല അഖുന്തസാദ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Update: 2022-04-03 17:46 GMT

കാബൂള്‍: അഫ്ഗാനില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കൃഷിയും നിരോധിച്ച് താലിബാന്‍. താലിബാന്‍ പരമോന്നത നേതാവ് ഹൈബതുല്ലാ അഖുന്ദ്‌സാദയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ കറുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍. മയക്കുമരുന്ന് ഉല്‍പ്പാദനം ഈ നിമിഷം മുതല്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണെന്ന് താലിബാന്‍ നേതാവ് ഹൈബത്തുല്ല അഖുന്തസാദ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. എത്രയും വേഗം കറുപ്പ് കൃഷി പൂര്‍ണമായും നശിപ്പിക്കണം. ശരീഅ നിയമം പ്രകാരമായിരിക്കും ശിക്ഷ വിധിക്കുകയെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.

ഉല്‍പ്പാദനം, ഉപയോഗം, മറ്റൊരിടത്തേക്ക് എത്തിക്കല്‍ തുടങ്ങി മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിരോധിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും മയക്കുമരുന്നുകളും ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍. കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനില്‍ അധികാരമേറ്റതു തൊട്ട് രാജ്യത്തെ മയക്കുമരുന്ന് ഉല്‍പാദനം നിയന്ത്രിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാണ്.

കഴിഞ്ഞ ആഗസ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാന്റെ ഭരണം വീണ്ടും പിടിച്ചടക്കിയത്. മയക്കുമരുന്ന് ഉല്‍പ്പാദനം നിര്‍ത്തണമെന്ന് അന്നുമുതലേ അന്താരാഷ്ട്ര സമൂഹം താലിബാനോട് ആവശ്യപ്പെട്ടിരുന്നു. 1996ലാണ് താലിബാന്‍ അഫ്ഗാന്റെ ഭരണം ആദ്യമായി പിടിച്ചത്. 2000ത്തില്‍ കറുപ്പ് ഉല്‍പ്പാദനം നിരോധിച്ച് താലിബാന്‍ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷമാണ് അമേരിക്കയിലെ ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നില്‍ ഉസാമ ബിന്‍ ലാദിനാണെന്ന് ആരോപിച്ച് അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സേന അഫ്ഗാനിലേക്ക് അധിനിവേശം നടത്തുകയും ചെയ്തു.

അതോടെ 2001ല്‍ താലിബാന്റെ ഭരണം അവസാനിച്ചു. 20 വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് താലിബാന്‍ വീണ്ടും അഫ്ഗാന്റെ ഭരണം പിടിച്ചത്. അമേരിക്കന്‍ സൈന്യം കഴിഞ്ഞ ആഗസ്റ്റ് 31ന് അഫ്ഗാനില്‍ നിന്ന് വിട്ടുപോകുകയും ചെയ്തു. ഏഴ് മാസം തികയാനിരിക്കെയാണ് താലിബാന്‍ മയക്കുമരുന്ന് നിരോധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ലോകത്ത് കറുപ്പ് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം അഫ്ഗാനാണ്. 2017ല്‍ ഇവിടെ 140 കോടി ഡോളറിന്റെ ഉല്‍പ്പാദനം നടന്നു എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. രാജ്യം പിന്നീട് കൂടുതല്‍ അസ്ഥിരമായതോടെ കറുപ്പ് ഉല്‍പ്പാദനം വര്‍ധിക്കുകയാണ് ചെയ്തത്.

അഫ്ഗാനിലെ ചില മേഖലയില്‍ വലിയ തോതില്‍ കറുപ്പ് കൃഷി നടക്കുന്നുണ്ട്. ഉയര്‍ന്ന വരുമാനം ലഭിക്കുന്നതിനാലാണ് കറുപ്പ് കൃഷിയിലേക്ക് കൂടതല്‍ പേര്‍ ആകൃഷ്ടരാകുന്നത്. ഇവ വാങ്ങുന്നതിന് അന്താരാഷ്ട്ര വിപണിയില്‍ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. കറുപ്പ് ഉല്‍പ്പാദനം തുടരണം എന്ന് അഫ്ഗാനിലെ ചില സംഘങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അവര്‍ക്കെല്ലാം തിരിച്ചടിയാണ് താലിബാന്‍ ഭരണകൂടത്തിന്റെ പുതിയ തീരുമാനം. താലിബാന്‍ കറുപ്പ് ഉല്‍പ്പാദനം നിരോധിക്കുമെന്ന് അഫ്ഗാനില്‍ അടുത്തിടെ പ്രചാരണമുണ്ടായിരുന്നു.

Tags:    

Similar News