നവീന്‍ ബാബു കൈക്കൂലി വാങ്ങിയോ എന്ന കാര്യത്തില്‍ രണ്ട് പക്ഷമുണ്ട്: എം വി ജയരാജന്‍

നവീന്‍ ബാബുവിന്റെ കുടുംബത്തെയോ ദിവ്യയേയോ തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ട കാര്യമല്ല ഇത്. മാധ്യമങ്ങള്‍ പ്രതീക്ഷിച്ച പ്രതികരണം മാധ്യമങ്ങള്‍ക്ക് കിട്ടിയില്ല. അതിനാലാണ് ഇല്ലാത്ത വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

Update: 2024-11-10 07:18 GMT

കണ്ണൂര്‍: ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയോ എന്ന കാര്യത്തില്‍ രണ്ട് പക്ഷമുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണം എന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും അതിലൂടെയേ സത്യം നാട് അറിയൂവെന്നും പെരിങ്ങോം ഏരിയാ സമ്മേളനത്തില്‍ സംസാരിക്കവേ ജയരാജന്‍ പറഞ്ഞു.

എഡിഎം കൈക്കൂലി വാങ്ങിയെന്ന് ഒരു കൂട്ടരും അത്തരക്കാരനല്ലെന്ന് മറ്റൊരു കൂട്ടരും പറയുന്നുണ്ട്. ഇതിന്റെ നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ട്. ദിവ്യയുടെ പ്രസംഗം എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയിട്ടുണ്ടോ? ഇതും ഈ നാടിന് അറിയേണ്ടതുണ്ട്. എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെന്ന് കണ്ണൂരിലെ പാര്‍ട്ടിയും പത്തനംതിട്ടയിലെ പാര്‍ട്ടിയും സംസ്ഥാന നേതൃത്വവും പറഞ്ഞിട്ടുണ്ട്.

ഇത് പാര്‍ട്ടി നിലപാടായതിനാലാണ് എഡിഎമ്മിന്റെ മൃതദേഹത്തിനൊപ്പം ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ പോയത്. നവീന്‍ ബാബുവിന്റെ കുടുംബത്തെയോ ദിവ്യയേയോ തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ട കാര്യമല്ല ഇത്. മാധ്യമങ്ങള്‍ പ്രതീക്ഷിച്ച പ്രതികരണം മാധ്യമങ്ങള്‍ക്ക് കിട്ടിയില്ല. അതിനാലാണ് ഇല്ലാത്ത വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

Tags:    

Similar News