മലപ്പുറത്ത് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തം
ഇതര ജില്ലകളെ അപേക്ഷിച്ച് കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണത്തില്‍ ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ല ഇപ്പോള്‍ ഏറെ പിറകിലാണ്. വേണ്ടത്ര വാക്‌സിന്‍ ലഭിക്കാത്തതാണ് ഇതിന് കാരണം.
മലപ്പുറം: കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന മലപ്പുറം ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ജനസംഖ്യയ്ക്ക് ആനുപാതികമായി ജില്ലയിലേക്ക് കൊവിഡ് വാക്‌സിന്‍ അനുവദിക്കണമെന്നാവശ്യപെട്ട് ജനപ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ച് കഴിഞ്ഞു.
ഇതര ജില്ലകളെ അപേക്ഷിച്ച് കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണത്തില്‍ ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ല ഇപ്പോള്‍ ഏറെ പിറകിലാണ്. വേണ്ടത്ര വാക്‌സിന്‍ ലഭിക്കാത്തതാണ് ഇതിന് കാരണം. അമ്പതു ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറത്ത് 6.7 ലക്ഷം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് ഇതുവരെ നല്‍കിയിട്ടുള്ളത്.
അതായത് 13 ശതമാനം മാത്രം. മറ്റ് പല ജിലകളിലും ഇത് 30 ശതമാനത്തിനു മുകളിലാണ്. ജനസംഖ്യാ അടിസ്ഥാനത്തില്‍ പരിഗണന കിട്ടിയാല്‍ മലപ്പുറത്തേക്ക് കുടുതല്‍ വാക്‌സിന് അര്‍ഹതയുണ്ടെന്നാണ് ജനപ്രതിനിധികളുടെ വാദം.
ആരോഗ്യ പ്രവര്‍ത്തകരിലും രണ്ടു ഡോസ് വാക്‌സിനെടുത്തവരുടെ കണക്കില്‍ മലപ്പുറം ജില്ല പിറകില്‍ തന്നെയാണ്. ജില്ലയില്‍ 73 വാക്‌സിന്‍ കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. ഇതിന്റെ കണക്കിലും മലപ്പുറം പിന്നില്‍ തന്നെയാണ്. മലപ്പുറത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കണമെങ്കില്‍ വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.
33 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിന്‍ ഡോസിനേക്കാള്‍ കുറവാണ് 50 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ വിതരണം ചെയ്യുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരത്ത് 140 വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഉണ്ടെന്നിരിക്കെ അതിന്റെ ഇരട്ടി ജനസംഖ്യയുള്ള മലപ്പുറത്ത് വാക്‌സിന്‍ കേന്ദ്രങ്ങളുടെ എണ്ണവും ഇരട്ടി വേണമെന്നിരിക്കെ അക്കാര്യത്തിലും ജില്ല ഏറെ പിന്നിലാണ്.