വിദ്യാര്‍ഥികളോട് വാക്കുപാലിക്കാത്ത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക: കാംപസ് ഫ്രണ്ട്

Update: 2021-10-19 06:05 GMT

മലപ്പുറം: വിദ്യാര്‍ഥികളോട് വാക്കുപാലിക്കാത്ത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. എസ്എസ്എല്‍സി ഫലം വന്ന സാഹചര്യത്തില്‍ പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനത്തിന് അവസരമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, രണ്ട് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായിട്ടും മലപ്പുറം ജില്ലയില്‍ കാല്‍ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ പുറത്തിരിക്കുകയാണെന്ന് കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റമീസ് ഇരിവേറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ, ഐടിഐ, പോളിടെക്‌നിക് തുടങ്ങി മുഴുവന്‍ ഉപരിപഠന സാധ്യതകളെടുത്താലും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ പോലും സീറ്റ് ലഭിക്കാതെ പ്രതിസന്ധിയിലാണ്. പ്രശ്‌നം ഇത്രകണ്ട് രൂക്ഷമായിട്ടും വിദ്യാഭ്യാസ മന്ത്രി വാക്കുപാലിക്കാതെ വിദ്യാര്‍ഥികളെ കബളിപ്പിക്കുകയാണ്. മാത്രമല്ല, മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികള്‍ക്കുവരെ അവര്‍ക്കിഷ്ടമുള്ള കോഴ്‌സ് പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

അലോട്ട്‌മെന്റ് നടപടികള്‍ അവസാനിച്ച ശേഷം ആവശ്യമെങ്കില്‍ സീറ്റുകള്‍ പരിഗണിക്കുമെന്ന് പറഞ്ഞിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ 'വിദ്യാര്‍ഥികള്‍ ഇഷ്ടമുള്ള കോഴ്‌സിന് തന്നെ ചേരണമെന്ന് വാശിപിടിക്കരുത്' എന്നാണ് പറയുന്നത്. കഷ്ടപ്പെട്ട് പഠിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികളോട് ഒരു സര്‍ക്കാരിന്റെ ഈ നിലപാട് എത്രകണ്ട് അപഹാസ്യമാണ്. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശാശ്വതപരിഹാര നടപടികള്‍ സ്വീകരിക്കാന്‍ സന്നദ്ധമാവാത്ത വിദ്യാഭ്യാസ മന്ത്രി ആ പദവിക്ക് യോഗ്യനല്ലെന്നും രാജിവച്ച് പുറത്തുപോവേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News