പഞ്ചായത്ത് ഭരണനഷ്ടം; തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു

Update: 2024-02-16 14:58 GMT

തിരുവനന്തപുരം: സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെടുകയും മൂന്ന് പഞ്ചായത്തംഗങ്ങള്‍ സിപിഎമ്മില്‍ ചേരുകയും ചെയ്തതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. കഴിഞ്ഞ ദിവസം പെരിങ്ങമ്മല പഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാവായ പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ കലയപുരം അന്‍സാരി, കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ ഷെഹ്നാസ് എന്നിവരാണ് പഞ്ചായത്തംഗത്വം ഉള്‍പ്പെടെ രാജിവച്ച് പാര്‍ട്ടി വിട്ടത്. ഇതോടെ പെരിങ്ങമ്മല പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായിരുന്നു. ഇതില്‍ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുന്നുവെന്നാണ് പാലോട് രവി കെപിസിസിക്ക് അയച്ച രാജിക്കത്തില്‍ പറയുന്നത്. എന്നാല്‍, ഇദ്ദേഹത്തിന്റെ രാജി കെപിസിസി സ്വീകരിച്ചിട്ടില്ല. രാജിനീക്കത്തില്‍ നിന്ന് പിന്‍മാറാന്‍ നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന. ഈയിടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുനഃസംഘടന മുതല്‍ പെരിങ്ങമ്മലയില്‍ രൂക്ഷമായ തര്‍ക്കമാണ് പൊട്ടിത്തെറിക്ക് കാരണം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിനിടെ മുന്‍ ബ്ലോക്ക് പ്രസിഡന്റിനെ കൈയേറ്റംചെയ്ത സംഭവത്തില്‍ പാര്‍ട്ടി ഇടപെടുകയും മൂവര്‍ക്കുമേതിരെ നടപടിക്ക് സാധ്യതയുണ്ടാവുകയും ചെയ്തിരുന്നു. പാര്‍ട്ടി നടപടി വരാനിരിക്കെയാണ് മൂവരും രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നത്.

Tags:    

Similar News