തിരുവനന്തപുരത്തെ വയോധികയുടെ കൊലപാതകം; പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലിസ്
മനോരമയുടെ വീടിന് സമീപത്തായി താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
തിരുവനന്തപുരം: കേശവദാസപുരത്ത് ദേവസ്വം ലൈനില്‍ താമസിക്കുന്ന 60കാരി മനോരമ കൊല്ലപ്പെട്ട സംഭവത്തില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പോലിസ്. ഇന്നലെ ഉച്ചയോടെ കാണാതായ മനോരമയുടെ മൃതദേഹം, രാത്രി വൈകി സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത വീട്ടിലെ കിണറ്റിലാണ് കണ്ടെത്തിയത്. മനോരമയുടെ വീടിന് സമീപത്തായി താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇന്നലെ വൈകീട്ടോടെയാണ് ദേവസ്വം ലൈനില്‍ താമസിക്കുന്ന മനോരമായ്ക്കായി അയല്‍വാസികള്‍ തെരച്ചില്‍ തുടങ്ങിയത്. ഉച്ചയ്ക്ക് സമീപത്തെ വീട്ടില്‍ ഉണ്ടായിരുന്ന സ്ത്രീ, മനോരമയുടെ വീട്ടില്‍ നിന്നും നിലവിളി കേട്ടിരുന്നു. അയല്‍വാസികളില്‍ ഒരാള്‍ മനോരമയുടെ വീട്ടില്‍ എത്തി നോക്കിയെങ്കിലും പ്രതികരണം ഒന്നുമില്ലാതിരുന്നതിനാല്‍ തിരിച്ചു പോയി. വൈകീട്ടും ആളനക്കം കാണാതിരുന്നതോടെയാണ് സംശയം തോന്നിയ നാട്ടുകാര്‍ തെരച്ചില്‍ തുടങ്ങിയത്. ഇതിനിടെ മനോരമയുടെ വീടിന് തൊട്ടു അപ്പുറത്ത് കെട്ടിടം പണിക്കായി താമസിച്ചിരുന്ന ബംഗാള്‍ സ്വദേശിയെ
കാണാനില്ലെന്ന വിവരവും പുറത്തു വന്നു. മനോരമയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടെന്ന് കൂടി മനസിലായതോടെയാണ് സംശയം ബലപ്പെട്ടത്. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലില്‍ അപ്പുറത്തെ കിണറ്റില്‍ മനോരമയുടെ മൃതദേഹം കണ്ടെത്തി.
സംഭവ സമയം മനോരമ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഈ വീടിനോട് ചേര്‍ന്നാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന ഷെഡ്ഡ്. മനോരമയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.