വൈദ്യുതോല്‍പ്പാദനത്തിന് കേരളത്തില്‍ ആണവനിലയം വേണം; കേന്ദ്ര ഊര്‍ജ മന്ത്രിയോട് ആവശ്യവുമായി കേരളം

Update: 2023-11-17 10:06 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതോല്‍പ്പാദനത്തിനു വേണ്ടി ആണവനിലയം സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ സുലഭമായുള്ള തോറിയം അടിസ്ഥാനമാക്കിയുള്ള വൈദ്യുതോല്‍പ്പാദനത്തിനു വേണ്ടി ആണവ നിലയം വേണമെന്നാണ് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ സിങിനോട് ആവശ്യപ്പെട്ടത്. നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ആവശ്യം ഉന്നയിച്ചത്. ഇതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചു. സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കാനായി പവര്‍ പ്രോജക്റ്റുകള്‍ക്ക് ഏകജാലക സംവിധാനം ഒരുക്കുക, നിലവിലുള്ള പദ്ധതികളുടെ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കുക, പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം നല്‍കുക, നബാര്‍ഡില്‍ നിന്നു കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുക, 2018ലെ ആര്‍ഡിഎസ് സ്‌കീമിന്റെ നിരക്ക് പുതുക്കുക, സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന് ബദല്‍ മാര്‍ഗരേഖ അംഗീകരിക്കുക, പുതിയതായി സ്ഥാപിക്കുന്ന ഇലക്ട്രോണിക് വെഹിക്കിള്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അഡീഷനല്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചറിന്റെ ചെലവ് വഹിക്കുക, അംഗന്‍ ജ്യോതി പദ്ധതി വിപുലീകരിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയവയും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. അഡീഷനല്‍ ചീഫ് സെക്രട്ടറി(പവര്‍) കെ ആര്‍ ജ്യോതിലാല്‍, കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്റ്റര്‍ ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍(അനര്‍ട്ട്) നരേന്ദ്രനാഥ് വേലൂരി എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ലോകത്തെ തോറിയം നിക്ഷേപത്തിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. കേരള തീരത്തെ കരിമണലില്‍ രണ്ടുലക്ഷം ടണ്‍ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവില്‍ തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്ത് 32 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തോറിയം അധിഷ്ഠിത വൈദ്യുതിനിലയം സ്ഥാപിച്ചിട്ടുണ്ട്. ഭാഭ ആറ്റമിക് റിസര്‍ച് സെന്റര്‍ ആണ് ഇത് വികസിപ്പിച്ചെടുത്തത്.

Tags:    

Similar News