'പോവേണ്ടവര്‍ക്ക് പോവാം'; പുതിയ ശിവസേന കെട്ടിപ്പടുക്കുമെന്ന് ഉദ്ധവ് താക്കറെ
ബിജെപി തങ്ങളോട് മോശമായി പെരുമാറി, വാഗ്ദാനങ്ങള്‍ പാലിച്ചില്ല. വിമതര്‍ക്കെതിരേ നിരവധി കേസുകളുണ്ട്. ബിജെപിക്കൊപ്പം പോയാല്‍ അതൊക്കെ ഇല്ലാതാകും. ഞങ്ങളുടെ കൂടെ നിന്നാല്‍ ജയിലില്‍ പോകും. ഇത് സൗഹൃദത്തിന്റെ അടയാളമാണോ?-ഉദ്ധവ് താക്കറെ ചോദിച്ചു
മുംബൈ: ഏക്‌നാഥ് ഷിന്‍ഡെയും ബിജെപിയും ചേര്‍ന്ന് ശിവസേന കേഡര്‍മാരെയും പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നവരെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സേനയെ നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും വെള്ളിയാഴ്ച പാര്‍ട്ടിപ്രവര്‍ത്തകരെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യുന്നതിനിടെ താക്കറെ പറഞ്ഞു. സാധാരണക്കാരായ ശിവസേന പ്രവര്‍ത്തകര്‍ തന്റെ സ്വത്ത് ആണെന്നും അവര്‍ തന്നോടൊപ്പമുള്ളിടത്തോളം മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവസേനയെ സ്വന്തം ആളുകള്‍ തന്നെ വഞ്ചിച്ചിരിക്കുകയാണ്. നിങ്ങളില്‍ പലരും ഈ വിമതര്‍ക്ക് നിയമസഭാ തfരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കി. നിങ്ങളുടെ കഠിനാധ്വാനം കാരണം തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഈ ആളുകള്‍ അസംതൃപ്തരാണ്. ഈ നിര്‍ണായക സമയത്ത് നിങ്ങള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നു. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും താക്കറെ പാര്‍ട്ടിപ്രവര്‍ത്തകരോട് പറഞ്ഞു.
സഖ്യകക്ഷികളുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ ഏകനാഥ് ഷിന്‍ഡെയോട് താന്‍ പറഞ്ഞിരുന്നു. സേന ബിജെപിയുമായി കൈകോര്‍ക്കണമെന്ന് നിയമസഭാംഗങ്ങള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഈ എംഎല്‍എമാരെ എന്റെയടുക്കല്‍ കൊണ്ടുവരാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. നമുക്കിത് ചര്‍ച്ച ചെയ്യാം. ബിജെപി തങ്ങളോട് മോശമായി പെരുമാറി, വാഗ്ദാനങ്ങള്‍ പാലിച്ചില്ല. വിമതര്‍ക്കെതിരേ നിരവധി കേസുകളുണ്ട്. ബിജെപിക്കൊപ്പം പോയാല്‍ അതൊക്കെ ഇല്ലാതാകും. ഞങ്ങളുടെ കൂടെ നിന്നാല്‍ ജയിലില്‍ പോകും. ഇത് സൗഹൃദത്തിന്റെ അടയാളമാണോ?
പാര്‍ട്ടിയെ നയിക്കാന്‍ തനിക്ക് കഴിവില്ലെന്ന് സേന പ്രവര്‍ത്തകര്‍ക്ക് തോന്നിയാല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്നും താക്കറെ പറഞ്ഞു. ശിവസേന ഒരു പ്രത്യയശാസ്ത്രമാണ്. ഹിന്ദു വോട്ട് ബാങ്ക് ആരുമായും പങ്കിടാന്‍ ആഗ്രഹിക്കാത്തതിനാല്‍ അത് അവസാനിപ്പിക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നു.വിമത ഗ്രൂപ്പിന് ബി.ജെ.പിയില്‍ ചേരുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല, സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ വിജയിച്ചാലും അത് അധികനാള്‍ നിലനില്‍ക്കില്ല. കാരണം അവരില്‍ പല എംഎല്‍എമാരും യഥാര്‍ത്ഥത്തില്‍ സന്തുഷ്ടരല്ലെന്നും അദ്ദേഹം പറഞ്ഞു. വിമതര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ല. പാര്‍ട്ടിയില്‍ നിന്നും പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പോകാം. താന്‍ പുതിയ ശിവസേന രൂപീകരിക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.