മോദിയെ വധിക്കുമെന്ന ഭീഷണിക്കത്ത്: ഫോണ്‍ നമ്പര്‍ കൊച്ചി സ്വദേശിയുടേത്; അയച്ചത് താനല്ലെന്ന് വിശദീകരണം

Update: 2023-04-22 08:00 GMT

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയാല്‍ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ലഭിച്ച ഊമക്കത്ത് സംബന്ധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊച്ചി സ്വദേശി ജോസഫ് ജോണിയുടെ പേരിലാണ് കത്തയച്ചിരിക്കുന്നത്. ഇതില്‍ ഒരു ഫോണ്‍ നമ്പറും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇയാളെ പോലിസ് ചോദ്യം ചെയ്‌തെങ്കിലും കത്തുമായി ബന്ധവുമില്ലെന്ന നിഗമനത്തിലാണ് പോലിസ്. കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണി മുഴക്കി ഒരാഴ്ച മുമ്പ് ഓഫിസില്‍ കത്ത് ലഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് അറിയിച്ചത്. ഇദ്ദേഹത്തിനോട് വിരോധമുള്ള ആരോ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിച്ചതാണെന്നും പോലിസ് സംശയിക്കുന്നുണ്ട്. പള്ളിയിലെ തര്‍ക്കമാണ് കത്തിന് പിന്നിലെന്ന ആരോപണം ഫോണ്‍ നമ്പറിന്റെ ഉടമ ഉന്നയിച്ചെങ്കിലും ആരോപണ വിധേയനായ വ്യക്തി ഇത് നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

    താന്‍ അത്തരത്തിലൊരു കത്തയച്ചിട്ടില്ലെന്നും വിവരമറിഞ്ഞപ്പോള്‍ ഹൃദയാഘാതം വന്നപോലെയാണ് തോന്നിയതെന്നും ജോസഫ് ജോണി പറഞ്ഞു. മറ്റൊരാള്‍ തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ചെയ്തതാണെന്നാണ് സംശയം. ഇക്കാര്യം പോലിസിനോട് പറഞ്ഞിട്ടുണ്ടെന്നും ജോണി മാധ്യമങ്ങളോട് പറഞ്ഞു. കത്തെഴുതിയ ആളെകുറിച്ചുള്ള സൂചനയും ജോണി മാധ്യമങ്ങളോട് പങ്കുവച്ചു. താന്‍ കുടുംബയൂനിറ്റ് അധികാരിയായിരിക്കെ, യൂനിറ്റിലെ മറ്റൊരാളെ കുറിച്ച് ഇയാളുടെ കൈയക്ഷരത്തില്‍ ലഭിച്ച പരാതിയുടെ പകര്‍പ്പ് പോലിസിന് നല്‍കിയിട്ടുണ്ട്. കൈയക്ഷരം ആരുടെതാണെന്നും മറ്റും പോലിസ് കണ്ടെത്തട്ടെയെന്നും താന്‍ ആര്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ലെന്നും ജോസഫ് ജോണി പറഞ്ഞു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതുപോലെ മോദിയും കൊല്ലപ്പെടുമെന്നാണ് കത്തില്‍ എഴുതിയിട്ടുള്ളത്.

Tags:    

Similar News