യുവാക്കളെ മര്‍ദിച്ച് കയറില്‍കെട്ടി നടത്തിച്ച സംഭവം: പ്രതികള്‍ക്കു ജാമ്യം; ഇരകള്‍ ജയിലില്‍

ഇക്കഴിഞ്ഞ ഏഴിനാണ് പശുക്കളെ കടത്തിയെന്നാരോപിച്ച് നൂറോളം പേരടങ്ങുന്ന സംഘം 25 പേരെ കയറില്‍കെട്ടി മര്‍ദിച്ച് കിലോമീറ്ററുകളോളം നടത്തിച്ചത്. ഹിന്ദുത്വ സംഘം ഇരകളെ രണ്ടുകിലോ മീറ്റര്‍ അകലെയുള്ള പോലിസ് സ്‌റ്റേഷനിലേക്കു നടത്തിക്കുകയായിരുന്നു

Update: 2019-07-09 18:24 GMT

ഭോപ്പാല്‍: മധ്യപ്രദേശില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് 25 പേരെ മര്‍ദിച്ച് കയറില്‍കെട്ടി നടത്തിച്ച സംഭവത്തില്‍ അറസ്റ്റിലായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കു ജാമ്യം. അതേസമയം മര്‍ദനത്തിനിരയായി കയറില്‍കെട്ടി കിലോമീറ്ററുകളോളം നടത്തിച്ച ഇരകളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഗോരക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് ഇരകള്‍ക്കെതിരേ കേസെടുത്തത്. ഇതേ തുടര്‍ന്നാണ് ഇവരെ ഈ മാസം 19 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്.

ഇക്കഴിഞ്ഞ ഏഴിനാണ് പശുക്കളെ കടത്തിയെന്നാരോപിച്ച് നൂറോളം പേരടങ്ങുന്ന സംഘം 25 പേരെ കയറില്‍കെട്ടി മര്‍ദിച്ച് കിലോമീറ്ററുകളോളം നടത്തിച്ചത്. ഹിന്ദുത്വ സംഘം ഇരകളെ രണ്ടുകിലോ മീറ്റര്‍ അകലെയുള്ള പോലിസ് സ്‌റ്റേഷനിലേക്കു നടത്തിക്കുകയായിരുന്നു. മധ്യപ്രദേശിലെ കാണ്ട്‌വ ജില്ലയിലെ ഖാല്‍വാസ് പ്രദേശത്തെ സന്‍വാലികേഡ ഗ്രാമത്തിലായിരുന്നു സംഭവം. വടികളേന്തിയ നൂറോളം പേര്‍ ഗോമാതാ കീ ജയ് എന്ന് വിളിച്ച് 25 പേരെ ബലമായി നടത്തിച്ചുകൊണ്ടുപോവുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇടയ്ക്ക് ഇവരെ ഇരുത്തിയശേഷം ഇരുചെവിയും പിടിപ്പിച്ച് ഗോ മാതാ കീ ജയ് എന്ന് വിളിപ്പിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

സംഭവം വിവാദമായതിനെ തുടര്‍ന്നു മൂന്നു പ്രതികളെ പിടികൂടിയ പോലിസ് പക്ഷേ ഇരകള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. അക്രമത്തിനിരയായ 25 പേരില്‍ ഏഴ് പേര്‍ മുസ്ലിംകളാണ്. പശുക്കളെ അനുവാദം കൂടാതെ കടത്തിയതടക്കമുള്ള വകുപ്പുകളാണ് ഇരകള്‍ക്കെതിരേ പോലിസ് ചുമത്തിയിരുന്നത്. 

Tags:    

Similar News