മൂന്ന് റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ന് ഇന്ത്യയിലെത്തും

Update: 2020-11-04 02:43 GMT

ന്യൂഡല്‍ഹി: ഫ്രഞ്ച് നിര്‍മ്മിത മൂന്ന് റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ന് ഇന്ത്യയിലെത്തും. ഫ്രാന്‍സില്‍ നിന്ന് പറന്നുയരുന്ന റഫാല്‍ രാത്രിയോടെ അംബാലയിലെ വ്യോമതാവളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവില്‍ 10 വിമാനങ്ങളാണ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്.

അഞ്ച് റഫാലുകളുടെ ആദ്യ ബാച്ച് ജൂലൈ 28ന് ഇന്ത്യയിലെത്തിയിരുന്നു. സെപ്റ്റംബര്‍ 10ന് നടന്ന ചടങ്ങില്‍ യുദ്ധ വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബാക്കി അഞ്ചെണ്ണം വ്യോമസേനാ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഫ്രാന്‍സിലാണുള്ളത്.

ഫ്രഞ്ച് വിമാന നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ഡസ്സൗള്‍ട്ട് ഏവിയേഷനാണ് റഫാല്‍ നിര്‍മിക്കുന്നത്. 100 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോര്‍ മിസൈല്‍, സ്‌കള്‍പ് ക്രൂസ് മിസൈല്‍ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങള്‍. ഇതടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്. റഷ്യന്‍ സുഖോയ് വിമാനങ്ങള്‍ ഇറക്കുമതി ചെയ്ത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍. 59,000 കോടി രൂപയുടെ കരാറില്‍ 36 വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. വിമാനത്തിന്റെ വിലയുമായി ബന്ധപ്പെട്ട് രാജ്യത്ത് വന്‍വിവാദമുയര്‍ന്നിരുന്നു.

Tags:    

Similar News