റഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെത്തി; നാളെ ഇന്ത്യയിലേക്ക്

യുഎഇയിലെ അല്‍ ദഫ്‌റയില്‍നിന്ന് ഇന്ധനം നിറച്ചതിന് ശേഷം അവിടെനിന്ന് ഇന്ത്യയിലെ അംബാല വ്യോമസേനാ താവളത്തിലേക്ക് വിമാനങ്ങളെത്തും.

Update: 2020-07-28 02:23 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് പുറപ്പെട്ട റഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയര്‍ ബേസായ അല്‍ ദഫ്‌റയിലെത്തി. ഇവിടെനിന്ന് നാളെയാവും വിമാനങ്ങള്‍ ഇന്ത്യയിലേക്ക് തിരിക്കുക. ഇന്നലെ ഫ്രാന്‍സിലെ മെറിഗ്‌നാക് വ്യോമതാവളത്തില്‍ ഇന്ത്യന്‍ അംബാസഡറാണ് അഞ്ച് റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്‌ലാഗ് ഓഫ് ചെയ്തത്. 1990 സുഖോയ് വാങ്ങിത്തുടങ്ങിയതിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന പുതിയ തരം വിദേശ ജെറ്റുകളുടെ ആദ്യ വരവാണിത്.

ഇന്ത്യയിലേക്കുള്ള സംഘത്തിനൊപ്പം എന്‍ജിനീയറിങ് ക്രൂ അംഗങ്ങളുമുണ്ട്. പതിനേഴാം ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രനിലെ കമാന്‍ഡിങ് ഓഫിസര്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഏഴ് പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്.

എന്നാല്‍ സംഘാംഗങ്ങളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ വ്യോമസേന പുറത്തുവിട്ടില്ല. ജെറ്റ് വിമാനങ്ങളെ സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അംബാലയിലെ വ്യോമതാവളത്തില്‍ തയാറാക്കിയതായി വ്യോമസേന അറിയിച്ചു.

36 റഫേല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നത്. ഇതിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ അഞ്ചെണ്ണമാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിക്കുന്നത്. യുഎഇയിലെ അല്‍ ദഫ്‌റയില്‍നിന്ന് ഇന്ധനം നിറച്ചതിന് ശേഷം അവിടെനിന്ന് ഇന്ത്യയിലെ അംബാല വ്യോമസേനാ താവളത്തിലേക്ക് വിമാനങ്ങളെത്തും. നിലവില്‍ 12 പൈലറ്റുമാര്‍ റഫേല്‍ പറത്താനുള്ള പരിശീലനം നേടിയിട്ടുണ്ട്. 36 വിമാനങ്ങളില്‍ 30 എണ്ണം യുദ്ധമുഖത്തുപയോഗിക്കാനുള്ളതും ആറെണ്ണം പരിശീലനങ്ങള്‍ക്കുവേണ്ടിയുമാകും ഉപയോഗിക്കുക.

Tags:    

Similar News