രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി; കുത്തിവയ്പ്പ് ശനിയാഴ്ച
വാക്‌സിന്റെ ആദ്യലോഡുമായി മൂന്ന് ട്രക്കുകള്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ഇന്ന് പുലര്‍ച്ചെ പൂനെ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടു. രാജ്യത്തെ പ്രധാന ഹബ്ബുകളില്‍ വാക്‌സിനുകള്‍ എത്തിച്ചശേഷമാവും സംസ്ഥാനങ്ങളിലേക്ക് വിതരണം നടക്കുക.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന്റെ വിതരണം തുടങ്ങി. പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിനാണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നത്. വാക്‌സിന്റെ ആദ്യലോഡുമായി മൂന്ന് ട്രക്കുകള്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ഇന്ന് പുലര്‍ച്ചെ പൂനെ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടു. രാജ്യത്തെ പ്രധാന ഹബ്ബുകളില്‍ വാക്‌സിനുകള്‍ എത്തിച്ചശേഷമാവും സംസ്ഥാനങ്ങളിലേക്ക് വിതരണം നടക്കുക.
താപനില ക്രമീകരിച്ച പ്രത്യേക ട്രക്കുകളാണ് വാക്‌സിനുകള്‍ കൊണ്ടുപോവാന്‍ ഉപയോഗിച്ചിരിക്കുന്നത്. പൂനെയില്‍നിന്നും മൂന്നുദിവസത്തിനകം എല്ലാ ഹബ്ബുകളിലേക്കും വാക്‌സിനെത്തിക്കും. ഡല്‍ഹി, കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബ്ബുകളിലേക്കാവും വാക്‌സിന്‍ എത്തിക്കുക. ഇന്നലെ സര്‍ക്കാര്‍ കൊവിഷീല്‍ഡിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിരുന്നു. രാജ്യത്ത് വാക്‌സിന്‍ കുത്തിവയ്പ്പ് ശനിയാഴ്ചയാണ് ആരംഭിക്കുക. 11 മില്യന്‍ വാക്‌സിന്‍ ഒന്നിന് 200 രൂപ നിരക്കിലാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ട് സര്‍ക്കാരിന് നല്‍കുക.
ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, സേനാ വിഭാഗങ്ങള്‍ തുടങ്ങി പ്രഥമപരിഗണനാ വിഭാഗത്തില്‍ വരുന്ന മൂന്നുകോടി പേര്‍ക്ക് ആദ്യം ലഭിക്കും. പ്രഥമ പരിഗണനാ വിഭാഗത്തില്‍പെട്ടവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും ഈ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. 50 വയസിന് മുകളിലുളളവരും 50 വയസിന് താഴെയുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവരും അടങ്ങിയ 27 കോടി പേര്‍ക്ക് രണ്ടാംഘട്ടത്തിലാണ് വാക്‌സിന്‍ നല്‍കുക.