കണ്ണൂര്‍ മയ്യിലില്‍ മൂന്ന് യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു

Update: 2024-06-07 15:15 GMT

കണ്ണൂര്‍: മയ്യില്‍ പാവന്നൂര്‍ മൊട്ടയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ പുഴക്കരയിടിഞ്ഞ് താഴ്ന്ന് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. പാവന്നൂര്‍ മൊട്ടയിലെ വള്ളുവ കോളനിയിലെ നിവേദ്(18), ജോബിന്‍ജിത്ത്(15) അഭിനവ്(21) എന്നിവരാണ് മരിച്ചത്. മയ്യില്‍ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിക്കടവില്‍ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന ആകാശ് പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് വെള്ളത്തിലേക്ക് വീഴുകയും ചെളിയില്‍ പൂണ്ടുപോവുകയുമായിരുന്നു. ആളൊഴിഞ്ഞ കടവില്‍ നിന്ന് രക്ഷപ്പെട്ട ആകാശിന്റെ നിലവിളി കേട്ട ചെത്തുകാരന്‍ രാജീവന്‍, വിജേഷ് എന്നിവരും നാട്ടുകാരും പുഴയിലേക്ക് ചാടി മൂവരെയും പൊക്കിയെടുത്തെങ്കിലും രക്ഷിക്കാനായില്ല. മരിച്ച നിവേദ്, ജോബിന്‍ജിത്ത് എന്നിവര്‍ സഹോദരന്‍മാരുടെ മക്കളാണ്. ഇവരുടെ അടുത്ത ബന്ധുവാണ് അഭിനവ്. ജോബിന്‍ജിത്ത് കഴിഞ്ഞ ദിവസം മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് കോമ്പിനേഷനില്‍ പ്രവേശനം നേടിയതായിരുന്നു. പാവന്നൂരിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബാലകൃഷ്ണന്റെയും പി പി ബിന്ദുവിന്റെയും മകനാണ് അഭിനവ്. സഹോദരി: കീര്‍ത്തന. ഇലക്ട്രീഷ്യന്‍ ആനക്കയ്യില്‍ വീട്ടില്‍ എ വി സജിത്തിന്റെയും രമ്യയുടെയും മകനാണ് ജോബിന്‍ജിത്ത്. സഹോദരന്‍: അനയ്(വിദ്യാര്‍ഥി, ജവഹര്‍ നവോദയ വിദ്യാലയ, കണ്ണൂര്‍). അരുവത്ത് വളപ്പില്‍ സത്യന്റെയും പ്രിയയുടെയും മകനാണ് നിവേദ്. സഹോദരി: വൈഗ. മൂവരുടെയും മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാനായി കൊണ്ടുപോയി. ശനിയാഴ്ച ഉച്ചയ്ക്ക് പാവന്നൂര്‍ മൊട്ടയില്‍ പൊതു ദര്‍ശനത്തിനായി വയ്ക്കും.

Tags:    

Similar News