പണം വാരുന്നതില്‍ നെറ്റ് ഫ്‌ലിക്‌സിനെയും കടത്തി വെട്ടി ടിന്റര്‍
ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും, ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ലഭിക്കുന്ന ആപ്പിന്റെ വരുമാനം 260.7 ദശലക്ഷം ഡോളറാണ്. നെറ്റ്ഫ്‌ലിക്‌സിന്റേത് 216.3 ദശലക്ഷം ഡോളറാണ്.
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന മൊബൈല്‍ ആപ്പ് പദവി ടിന്ററിന്. നോണ്‍ ഗെയിമിംഗ് വിഭാഗത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിങ് ആപ്പുകളില്‍ ഒന്നായ നെറ്റ്ഫ്‌ലിക്‌സിനെ ഡേറ്റിങ ആപ്പായ ടിന്റര്‍ പിന്തള്ളിയത്. ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും, ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ലഭിക്കുന്ന ആപ്പിന്റെ വരുമാനം 260.7 ദശലക്ഷം ഡോളറാണ്. നെറ്റ്ഫ്‌ലിക്‌സിന്റേത് 216.3 ദശലക്ഷം ഡോളറാണ്. 2019 ലെ മാര്‍ച്ച് മാസത്തില്‍ അവസാനിച്ച സാമ്പത്തിക പാദത്തിലെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ടിന്ററിന് 2019 ലെ ആദ്യപാദത്തില്‍ വരുമാനത്തില്‍ 42 ശതമാനം വളര്‍ച്ച ഉണ്ടായി. അതേ സമയം, നെറ്റ് ഫ്‌ലിക്‌സിന്റെ വരുമാനം 15 ശതമാനം കുറയുകയും ചെയ്തു. അടുത്തിടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ടിന്റര്‍ ഗോള്‍ഡ് അടക്കമുള്ള പ്രത്യേക ഫീച്ചറുകള്‍ അവതരിപ്പിച്ചതാണ് ടിന്ററിന് തുണയായത് എന്നാണ് റിപ്പോര്‍ട്ട്. 30 ലക്ഷം പേരാണ് ആഗോള തലത്തില്‍ ടിന്ററിന്റെ ഗോള്‍ഡ് സബ്‌സ്‌ക്രൈബര്‍മാര്‍.
ലൊക്കേഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സെര്‍ച്ച് മൊബൈല്‍ ആപ്പായ ടിന്റര്‍ മറ്റു യൂസര്‍മാരുടെ പ്രൊഫൈല്‍ ലൈക്ക് ചെയ്യാനും(വലത്തോട്ട് സൈ്വപ്പ് ചെയ്യുക), ഡിസ്‌ലൈക്ക്(ഇടത്തോട്ട് സൈ്വപ്പ് ചെയ്യുക) അനുവദിക്കുന്നു. രണ്ടു പേര്‍ പരസ്പരം ലൈക്ക് ചെയ്താല്‍ ഇവര്‍ക്ക് തമ്മില്‍ ചാറ്റ് ചെയ്യാനാവും. ഡേറ്റിങിന് വേണ്ടിയാണ് പ്രധാനമായും ആപ്പ് ഉപയോഗിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ നിന്നുള്ള ഫോട്ടോ, യൂസര്‍മാര്‍ എഴുതുന്ന സ്വന്തം വിവരങ്ങള്‍, ഇന്‍സ്റ്റഗ്രാം, സ്‌പോട്ടിഫൈ എന്നീ അക്കൗണ്ടുകളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവയാണ് ഒരു യൂസറുടേതായി ലഭിക്കുക.
ഈ രണ്ട് ആപ്പുകള്‍ക്ക് പുറമേ Tencent Video, iQIYI, YouTube, Pandora, Kwai, LINE, LINE Manga, and Youku എന്നിവയാണ് കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന മറ്റ് ആപ്പുകള്‍. അതേ സമയം നോണ്‍ പെയ്ഡ് സോഷ്യല്‍ മീഡിയ ആപ്പുകളില്‍ വാട്ട്‌സ്ആപ്പ്, മെസഞ്ചര്‍, ടിക്ടോക്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകളാണ് ആദ്യ അഞ്ചില്‍. ഷെയര്‍ ഇറ്റ്, യൂട്യൂബ്, ലൈക്ക് വീഡിയോ, നെറ്റ്ഫ്‌ലിക്‌സ്, സ്‌നാപ്ചാറ്റ് എന്നിവയാണ് തൊട്ടുപിന്നില്‍. ഇതില്‍ ടിക് ടോക് ആണ് ഏറ്റവും വേഗത്തില്‍ വളരുന്ന ആപ്പ്. ആദ്യ പാദത്തില്‍ മാത്രം ഈ ആപ്പിലേക്ക് വന്നവരുടെ എണ്ണം 188 ദശലക്ഷം ആണ്. 70 ശതമാനമാണ് 2018 ആദ്യപാദത്തെ വച്ച് നോക്കുമ്പോള്‍ ഈ വളര്‍ച്ച.